പെരിയാറിൽ മാലിന്യം , റഗുലേറ്റർ ബ്രിജിന്റെ പ്രവർത്തനം അവതാളത്തിൽ
Mail This Article
ഏലൂർ ∙ പെരിയാറിൽ മാലിന്യം നിറഞ്ഞു ദുർഗന്ധം അസഹ്യമായി നാട്ടുകാർ ബുദ്ധിമുട്ടുമ്പോഴും റഗുലേറ്റർ ബ്രിജിന്റെ ഷട്ടറുകളുടെ പ്രവർത്തനം അവതാളത്തിൽ. നിർമാണം പൂർത്തിയാക്കി 10 വർഷമായിട്ടും ഇവിടത്തെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനു വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കിയിട്ടില്ല. ഇതിനാവശ്യമായ പണം ഇറിഗേഷൻ വകുപ്പ് വൈദ്യുതി വകുപ്പിനു നൽകിയിട്ടില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഇന്ധനം വാങ്ങുന്നതിനു ഫണ്ട് അനുവദിക്കുന്നതിനും കാലതാമസം ഉണ്ടാകുന്നു. 5 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ 4 ഷട്ടറുകൾ തുറന്നപ്പോൾ ഷട്ടറുകൾക്കു സമീപം കെട്ടിക്കിടന്ന മാലിന്യം താഴേത്തട്ടിലേക്കു കുത്തിയൊലിച്ചു.
പെരിയാറിന്റെ തീരത്ത് അടിഞ്ഞിട്ടുള്ള എക്കൽ നീക്കം ചെയ്യുന്നതിനും പാതാളത്തെ ലോക് ഷട്ടറിനടിയിലെ ചോർച്ചക്കു കാരണം കണ്ടെത്തുന്നതിനും സമർപ്പിച്ച എസ്റ്റിമേറ്റിനും അനുമതി ലഭിച്ചിട്ടില്ല. ഒരു വർഷം പെരിയാറിൽ നിന്നു വെള്ളം എടുക്കുന്ന റിഫൈനറിയിൽ നിന്നു മാത്രം സർക്കാരിന് 24 കോടിയോളം രൂപ ലഭിക്കുന്നുണ്ട്. ഇതു കൂടാതെ ഫാക്ട് ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളും പണം നൽകുന്നുണ്ട്. ഇതിൽ ഒരു ഭാഗം പെരിയാറിന്റെ സംരക്ഷണത്തിനു വർഷംതോറും ചെലവഴിക്കണമെന്ന ആവശ്യം ശക്തമാണ്.