ആളനക്കമില്ലാതെ യുസി കോളജ് കൗണ്ടിങ് സ്റ്റേഷൻ
Mail This Article
ആലുവ∙ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണിയ യുസി കോളജിലെ കൗണ്ടിങ് സ്റ്റേഷനിൽ പതിവ് ആകാംക്ഷയോ പിരിമുറുക്കമോ ഇത്തവണ ഉണ്ടായിരുന്നില്ല. കോളജിലെ 3 നില കെട്ടിടത്തിനു മുൻപിൽ സ്ഥാനാർഥികളുടെ ഏജന്റുമാരിൽ ചിലരും ഏതാനും പൊലീസ് ഉദ്യോഗസ്ഥരും അവരുടെ വാഹനങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ജില്ലയിൽ യുഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നെന്ന നിലയിൽ ഇടതു തരംഗം ഏശിയിട്ടുണ്ടോ എന്നറിയാനുള്ള താൽപര്യമാണു തുടക്കത്തിൽ എല്ലാവരിലും കണ്ടത്.
മുന്നണി സ്ഥാനാർഥികളിൽ മുഴുവൻ സമയവും കൗണ്ടിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നതു യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്ത് മാത്രം. എൽഡിഎഫ് സ്ഥാനാർഥി ഷെൽന നിഷാദ് ഉച്ചവരെ നിന്നിട്ടു മടങ്ങി. എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപി വോട്ടെണ്ണൽ കേന്ദ്രത്തിൽ വന്നേയില്ല. 8നു തപാൽ വോട്ടുകൾ എണ്ണിയ ശേഷം വോട്ടിങ് യന്ത്രങ്ങൾ തുറന്നപ്പോൾ നെടുമ്പാശേരി പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്നു ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട് പഞ്ചായത്തുകളിലെ വോട്ടുകൾ കൂടി എണ്ണിയതോടെ വിജയം യുഡിഎഫിന് അനുകൂലമാണെന്ന് ഉറപ്പായി.
അൻവർ സാദത്ത് അപ്പോഴേയ്ക്കും എണ്ണായിരത്തോളം വോട്ടിന്റെ ലീഡ് നേടിയിരുന്നു. പിന്നീട് എണ്ണിയ ആലുവ നഗരസഭയിലും കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലും ലീഡിനു മാറ്റം ഉണ്ടായില്ല. നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും ആലുവ നഗരസഭയിലും അൻവർ സാദത്ത് തന്നെ ലീഡ് ചെയ്തു. അവസാനം വോട്ടെണ്ണിയ എടത്തല പഞ്ചായത്തിലെ 3 ബൂത്തുകളിൽ മാത്രമാണ് അദ്ദേഹം രണ്ടാം സ്ഥാനത്തായത്. അൻവർ സാദത്ത് വീടിരിക്കുന്ന സ്വന്തം ബൂത്തിൽ വൻ ലീഡ് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഷെൽന നിഷാദും എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപിയും അവരവരുടെ ബൂത്തുകളിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.