ADVERTISEMENT

കൊച്ചി∙ആരോഗ്യത്തിന് ഏറെ പ്രാധാന്യമുള്ള ഈ സമയത്ത് ആരോഗ്യം ക്ഷയിച്ച് കിടപ്പാണ് ഫിറ്റ്നസ് രംഗം. ലോക്ഡൗൺ ആരംഭിച്ച നാൾ മുതൽ പൂട്ടിക്കിടക്കുന്ന ഫിറ്റ്നസ് സെന്ററുകൾ എന്നു തുറക്കാനാകും എന്ന ആശങ്കയിലാണ് ഉടമകൾ. കഴിഞ്ഞ ലോക്ഡൗൺ സമയത്തും ഇതേ അവസ്ഥയാണ് ഫിറ്റ്നസ് രംഗം നേരിട്ടത്. മാസങ്ങളോളം സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നു. പിന്നീടു മാനദണ്ഡങ്ങൾ പാലിച്ചു തുറന്നെങ്കിലും പഴയതു പോലെ ആളുകൾ വന്നില്ല. സമാന അനുഭവമാണ് ഇനിയും ഉണ്ടാകാൻ പോകുന്നതെന്നു പറയുന്നു ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ.

ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് ഫിറ്റ്നസ് സെന്ററുകളിൽ ഉള്ളത്. പലരും വായ്പയെടുത്തും കടം വാങ്ങിയുമാണ് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്. വരുമാനം ഇല്ലാതായിട്ടും വാടകയും വൈദ്യുതി ബില്ലും അടയ്ക്കേണ്ടി വന്നവർഏറെ. ഒട്ടേറെ സെന്ററുകൾ പൂട്ടി. സെന്ററുകൾ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ ഈ രംഗത്തുള്ളവരുടെ ജീവിതം മുന്നോട്ടു പോകൂ എന്നു കാക്കനാട് ബി– ഫിറ്റ് ഫിറ്റ്നസ് സെന്റർ മാനേജർ എം.യു പ്രവീൺ പറയുന്നു.

പലരും ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ല. ഉപകരണങ്ങൾ ഉപയോഗിച്ചു പരിശീലിച്ചവർക്ക് ഓൺലൈൻ പഠനം സംതൃപ്തി നൽകില്ല. വരുമാനവും കുറവാണ്. ജിമ്മുകളിൽ ഇറക്കുമതി ചെയ്ത വിലകൂടിയ ഉപകരണങ്ങളാണുള്ളത്. ഉപയോഗിച്ചില്ലെങ്കിൽ നശിക്കും. അതുകൊണ്ട് എന്നും ജിം തുറന്ന് ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കും.  ഇനി തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചാലും എത്രപേർ ഫിറ്റ്നസ് സെന്ററുകളിൽ എത്തുമെന്നു സംശയമാണെന്ന് തൃപ്പൂണിത്തുറയിലെ എഎച്ച് ഫിറ്റ്നസ് അക്കാദമി ഡയറക്ടർ അനസ് ഹുസൈൻ പറയുന്നു.

‘‘ആറുമാസം ജിം അടഞ്ഞു കിടന്നിട്ടും ലക്ഷക്കണക്കിനു രൂപ വാടക കൊടുക്കേണ്ടി വന്നു. ജിമ്മിലെ ജോലിക്കാരുടെ വീട്ടുവാടകയും കൊടുക്കണം. ശരിക്കും കഷ്ടപ്പാടാണ്. തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചാലും പഴയ നിലയിലെത്താൻ വർഷങ്ങളെടുക്കും’’– അനസിന്റെ വാക്കുകളിൽ നിരാശ മാത്രം. മുറി വാടകയും കറന്റ് ബില്ലും ഒഴിവാക്കി തരാൻ സർക്കാർ സഹായിക്കണമെന്നാണ് ഫിറ്റ്നസ് സെന്റർ ഉടമകളുടെ ആവശ്യം. നികുതി കുറച്ചാൽ കെട്ടിട ഉടമകൾക്കു വാടക കുറയ്ക്കാം. ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com