കളമശേരി മണ്ഡലത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണും: മന്ത്രി
Mail This Article
കളമശേരി ∙ മണ്ഡലത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ കരുമാല്ലൂരിലും കുന്നുകരയിലും സ്ഥലമെടുപ്പ് പൂർത്തിയാക്കി ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിനു ജനുവരിയോടെ ടെൻഡർ വിളിക്കുമെന്നു മന്ത്രി പി രാജീവ് പറഞ്ഞു. കളമശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരമാകാൻ സമയമെടുക്കുമെന്നും അടിയന്തര നടപടിക്കാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുന്നുകര പഞ്ചായത്തിലെ 8, 10, 12,15 വാർഡുകളിൽ ശുദ്ധജല ക്ഷാമം പ്രകടമാണ്. 13, 14 വാർഡുകളിൽ ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 14-ാം വാർഡിൽ ചാലാക്ക സ്ക്കൂൾ, മഹിളാ സമാജം പ്രദേശങ്ങളിൽ 1.15 ലക്ഷം വീതം വരുന്ന 4 ഇഞ്ച് വ്യാസമുള്ള കുഴൽക്കിണർ നിർമിക്കുന്നതിനു പഞ്ചായത്ത് ഭൂഗർഭ ജല വകുപ്പിനു സമർപ്പിച്ച പദ്ധതി അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കി ഈ മാസം തന്നെ ആരംഭിക്കാൻ തീരുമാനിച്ചു.
ആലങ്ങാട് പഞ്ചായത്തിൽ 17.80 ലക്ഷം രൂപ ചെലവിൽ പൈപ്പ് മാറ്റുന്ന ജോലി നടത്തും. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് വെള്ളിയാഴ്ച പരിശോധന നടത്തും. ഏലൂർ നഗരസഭയിൽ മഞ്ഞുമ്മൽ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാൻ ഫാക്ട്, വാട്ടർ അതോറിറ്റി, നഗരസഭ എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞുമ്മൽ ശുദ്ധജല പദ്ധതി നടപ്പാക്കാനും ശ്രമിക്കും.എച്ച്എംടി–തേവയ്ക്കൽ ഭാഗത്തു പൈപ്പ് മാറ്റുന്നതിന് റീ ടെൻഡർ വിളിക്കാനും തീരുമാനിച്ചു.