ADVERTISEMENT

കൊച്ചി∙ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി കൊച്ചി മെട്രോ രാജനഗരിയിലേക്ക് ഓടി എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അർധരാത്രി 12നു പേട്ട പാലം കടന്നു കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കു പിച്ചവയ്ക്കും.  രാത്രി 12 മുതൽ തിങ്കൾ പുലർച്ചെ വരെയും തിങ്കൾ രാത്രി മുതൽ ചൊവ്വ പുലർച്ചെ വരെയുമാണു പുതിയ പാതയിലൂടെ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടക്കുക. പേട്ട മുതൽ വടക്കേക്കോട്ട വരെയും തുടർന്നു എസ്എൻ ജംക്‌ഷൻ വരെയുമാണ് ട്രയൽ റൺ. ഇതിനായി മെട്രോ റെയിൽ പാതകളുടെ അവസാനവട്ട പണികളും പാളങ്ങൾ വൃത്തിയാക്കലുമാണ് ഇന്നലെ നടന്നത്. 

മണിക്കൂറിൽ 5 കിലോമീറ്റർ‍ വേഗത്തിലാണു ട്രയൽ റണ്ണിൽ മെട്രോ ഓടിക്കുക. തുടർന്നു സിഗ്നലുകളും പാളങ്ങളും വിശദമായി പരിശോധിക്കും. ഡിഎംആർസിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നു കെഎംആർഎൽ നേരിട്ടാണു പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ടു വർഷവും 3 മാസവും എടുത്താണു കെഎംആർഎൽ നിർമാണം പൂർത്തിയാക്കിയത്. 453 കോടി രൂപയാണു മൊത്തം നിർമാണ ചെലവ്. സ്റ്റേഷൻ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപയാണു ചെലവഴിച്ചത്.

വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകളുടെ നിർമാണത്തിന്റെ 95% പൂർത്തിയായി. അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.  മെട്രോ പാത എസ്എൻ ജംക്‌ഷൻ വരെ എത്തുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും. എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള ഭാഗമാണു ഇനി ബാക്കിയുള്ളത്. ഇതിന്റെ നിർമാണം പ്രാരംഭ ഘട്ടത്തിലാണ്. സ്റ്റേഷൻ നിർമാണത്തിനുള്ള പൈലിങ് ആരംഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപമാണു മെട്രോ സ്റ്റേഷനും നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com