ടൗൺ ബൈപാസ്: ഒന്നാം ഘട്ടം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
Mail This Article
പെരുമ്പാവൂർ ∙ ടൗൺ ബൈപാസിന്റെ ഒന്നാം ഘട്ടത്തിനു ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതി ഉടൻ ടെൻഡർ ചെയ്യും. 15 കോടി രൂപയാണ് ഭൂവുടമകൾക്കു നഷ്ടപരിഹാരമായി നൽകിയത്. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ കേരളയ്ക്ക് ഭൂമി കൈമാറി. 60 പേരുടെ ഭൂമിയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. 2 പേർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 90% ശതമാനം ഉടമകളുടെയും ഭൂമി ഏറ്റെടുത്തു കഴിഞ്ഞതിനാൽ നിർമാണം ആരംഭിക്കാൻ കഴിയും. 4 കിലോമീറ്ററാണ് ദൂരം. 2 ഘട്ടങ്ങളായാണു നിർമാണം.
പാത്തിപ്പാലത്തിനു സമീപം പച്ചക്കറിച്ചന്തയുമായി ബന്ധപ്പെട്ട സ്ഥലത്ത് മേൽപാലം വേണമെന്ന് സർക്കാരിന്റെ ഉത്തരവുള്ളതിനാൽ കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് 2 ഘട്ടങ്ങളാക്കിയത്.ആദ്യഘട്ടത്തിൽ ഒന്നര കിലോമീറ്റർ ആണ് ദൂരം. മരുത് കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയാണ് ഒന്നാം ഘട്ടം. 4 ഗ്രൂപ്പായി തിരിച്ചാണ് ഭൂമിയുടെ വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം ഗ്രൂപ്പിലെ സ്ഥലങ്ങൾക്ക് ഒരു ആറിന് ( ഏകദേശം 2.47 സെന്റ്) 29 ലക്ഷം രൂപ വീതവും രണ്ടര ശതമാനം പലിശയും, രണ്ടാം ഗ്രൂപ്പിന് 13 ലക്ഷം രൂപയും പലിശയും മൂന്നാം ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും പലിശയും, നാലാം ഗ്രൂപ്പിന് 24000 രൂപയും പലിശയുമാണു ശരാശരി വില. കൂടുതൽ തുക ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനുള്ള അവകാശം ഭൂവുടമകൾക്ക് ഉണ്ട്.
രണ്ടാം ഘട്ട സ്ഥലം ഏറ്റെടുക്കൽ തുടങ്ങി
ബൈപാസിന്റെ രണ്ടാം ഘട്ടത്തിനു ഭൂമിയേറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചു. ലാൻഡ് റവന്യൂ കമ്മിഷണറുടെയും കൃഷി വകുപ്പിന്റെയും അനുമതി ലഭ്യമായി. സാമൂഹിക ആഘാത പഠനം നടത്താൻ രാജഗിരി കോളജ് ഓഫ് എൻജിനീയറിങ്ങിനെ ചുമതലപ്പെടുത്തി. സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനുണ്ട്.
എഎം റോഡ് വികസനം 3 വരിയായി
ആലുവ മൂന്നാർ റോഡ് നാലുവരിപ്പാതയാക്കാൻ 900 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. പെരുമ്പാവൂർ ടൗണിലെ ഭൂമി ഏറ്റെടുക്കലിനും വികസനത്തിനും വൻതുക ചെലവാകും എന്നതിനാൽ പെരുമ്പാവൂർ ടൗണിൽ 4 വരിയിൽ നിന്ന് 3 വരിയാക്കുന്ന പദ്ധതിയാണു വിഭാവനം ചെയ്തിട്ടുള്ളത്.ആലുവയിൽ നിന്നു വരുന്ന വാഹനങ്ങൾ പെരുമ്പാവൂർ ബൈപാസ് വഴി മരുത് ജംക്‌ഷനിലേക്കു കടത്തിവിടുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. പാലക്കാട്ടുതാഴത്ത് ആരംഭിച്ച് പിപി റോഡ് കുറുകെ കടന്ന് മരുതു കവലയിൽ അവസാനിക്കുന്ന വിധമാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.