ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര ഉപ തിരഞ്ഞെടുപ്പു വോട്ടെണ്ണൽ ദിനത്തിന്റെ രാവിലെ മുതൽ യുഡിഎഫ് ക്യാംപിൽ ആഘോഷം തുടങ്ങി. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിനു മുന്നിലും ആഘോഷമായിരുന്നു. ജില്ലാ ജനറൽ ആശുപത്രി റോഡിലേക്കുള്ള മഹാരാജാസ് കോളജ് ഗേറ്റിനു മുന്നിൽ നേതാക്കളും പ്രവർത്തകരും ആവേശഭരിതരായി. നിറങ്ങൾ വാരിപ്പൂശിയും ആർപ്പു വിളിച്ചും ആവേശമേറ്റി.

 ഉമയ്ക്കൊരുമ്മ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസിനു മുത്തം നൽകുന്ന ജെബി മേത്തർ എംപി.
ഉമയ്ക്കൊരുമ്മ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസിനു മുത്തം നൽകുന്ന ജെബി മേത്തർ എംപി.

യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും വഴിയിൽ നിർത്തിയിട്ട വാഹനത്തിനു മുകളിൽ കയറി കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകരെയും കടത്തിവെട്ടി. ഒരു ഭാഗത്ത് സ്ത്രീ പ്രവർത്തകർ ഉൾപ്പെടുന്ന സംഘം നൃത്തവും പാട്ടുമായി രംഗം സജീവമാക്കി.വെയിൽച്ചൂട് കൂടിയതനുസരിച്ച് ആവേശവും കൂടി. പന്ത്രണ്ടരയോടെ അത് ഉച്ചിയിലായി. ഉമ തോമസ് ലീഡ് ഉയർത്തിയെന്നു മൈക്കിൽ പ്രഖ്യാപനം വരുമ്പോഴെല്ലാം മുദ്രാവാക്യങ്ങൾ അതിലും ഉച്ചത്തിലായി.

വാഹനത്തിനു മുകളിൽ വിയർത്തൊലിച്ച്, പല നിറങ്ങളിൽ മുങ്ങിനിന്ന നേതാക്കൾക്കു പ്രവർത്തകർ ഇടയ്ക്കു ലഘുഭക്ഷണവും വെള്ളവും എത്തിച്ചു. 12.30നു ശേഷം അറിഞ്ഞു; ഭൂരിപക്ഷം 25,000 കടന്നു. കോൺഗ്രസ്, ഘടക കക്ഷി, യുവജന സംഘടനാ കൊടികളുമായി പ്രവർത്തകർ നൃത്തം ചവിട്ടി. പി.ടി.തോമസിനും ഉമയ്ക്കും പാർട്ടി നേതാക്കൾക്കുമുള്ള മുദ്രാവാക്യം വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി.

ഒരു മണിയോടെ ഉമ തോമസ്, പ്രവർത്തകരോടൊപ്പം ഗേറ്റിനു പുറത്തേക്ക്. വാഹനത്തിനു മുകളിലെ നേതാക്കൾ പൂമഴ തീർത്തു. എല്ലാവരും ആശംസ അറിയിച്ച് ഒപ്പമെത്തി. തുടർന്ന് വിജയം പി.ടിക്ക് സമർപ്പിച്ചും എല്ലാവർക്കും നന്ദി അറിയിച്ചും എൽഡിഎഫ് സർക്കാരിനെ വിമർശിച്ചും ചെറു പ്രസംഗം. വാഹനത്തിൽ നിന്നിറങ്ങി നേതാക്കളോടൊപ്പം ജാഥയായി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിലേക്കാണ് പോയത്. നേതാക്കൾക്കും പ്രവർത്തകർക്കും ജയാഘോഷത്തിന്റെ രണ്ടാം ഭാഗം.

ഉച്ചയ്ക്കു രണ്ടോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉമയും സംഘവും വീണ്ടുമെത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ വിജയിയെ അഭിനന്ദനം അറിയിച്ചു. തിരഞ്ഞെടുപ്പു ജോലിയുടെ ഭാഗമായ ഉദ്യോഗസ്ഥരിൽ ചിലർ ഉമയ്ക്കൊപ്പം ചിത്രമെടുക്കാനെത്തി. വിജയിക്കുള്ള തിരഞ്ഞെടുപ്പു സർട്ടിഫിക്കറ്റ്, വൈകിട്ട് മൂന്നോടെ റിട്ടേണിങ് ഓഫിസർ വിധു എ.മേനോനിൽനിന്നു കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ ഏറ്റുവാങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com