ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിലെ ജനം വിധിയെഴുതി- യുഡിഎഫ് മതി. ഉമ തോമസിന് 25,016 വോട്ടിന്റെ ചരിത്ര വിജയം. പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഭാര്യ ഉമ നേടിയതു മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും എംഎൽഎമാരും മണ്ഡലത്തിൽ തങ്ങി പ്രചാരണം നടത്തിയിട്ടും നിയമസഭയിൽ നൂറു സീറ്റ് എന്ന ലക്ഷ്യം നേടാൻ എൽഡിഎഫിനു കഴിഞ്ഞില്ല. 239 ബൂത്തുകളിൽ 24 ഇടത്തുമാത്രമാണ് എൽഡിഎഫിന്റെ ഡോ. ജോ ജോസഫ് ലീഡ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിൽ ഏതാനും ബൂത്തുകളിൽ ലീഡ് നേടിയ എൻഡിഎ ഇക്കുറി എല്ലായിടത്തും പിന്നിലായി.

പോളിങ് ശതമാനം അൽപം കുറഞ്ഞപ്പോൾ വാശിയേറിയ മത്സരമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും വോട്ടെണ്ണലിന്റെ തുടക്കം മുതൽ എല്ലാ റൗണ്ടിലും യുഡിഎഫ് വ്യക്തമായ മേധാവിത്വത്തോടെ കുതിച്ചുകയറി. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തിരുത്തിയത്. പി.ടി.തോമസ് 2016ൽ 11,996 വോട്ടിന്റെയും 2021ൽ 14,329 വോട്ടിന്റെയും ഭൂരിപക്ഷമാണു നേടിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഇൗഡനു തൃക്കാക്കരയിൽ 31,777 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ വിജയം കൂടിയാണിത്. മൂന്നു ഘട്ടങ്ങളിലായി 10 ദിവസത്തോളം മണ്ഡലത്തിൽ ക്യാംപ് ചെയ്ത് എൽഡിഎഫ് പ്രചാരണത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനു ഫലം കനത്ത പ്രഹരമാകുകയും ചെയ്തു.നിർദിഷ്ട സിൽവർലൈൻ പാത കടന്നുപോകുന്ന മണ്ഡലത്തിലാണു തോൽവിയെന്നതും ശ്രദ്ധേയം. കോൺഗ്രസിൽനിന്നു മുൻമന്ത്രി കെ.വി.തോമസിനെ സ്വന്തം പക്ഷത്തെത്തിച്ചതും ഇടതിനു ഗുണം ചെയ്തില്ല.

മറുപക്ഷത്ത് യുഡിഎഫ് മുൻപെങ്ങുമില്ലാത്തവിധം ഒത്തൊരുമയോടെ പ്രവർത്തിക്കുകയും പി.ടി.തോമസിനോടു വോട്ടർമാർക്കുണ്ടായിരുന്ന വൈകാരിക അടുപ്പം ഉമയ്ക്കു തുണയാകുകയും ചെയ്തു. പ്രസാദാത്മകമായ പ്രചാരണശൈലിയും സ്വീകാര്യത നേടി. 2021ൽ 13,897 വോട്ട് നേടിയ ട്വന്റി20 ഇക്കുറി സ്ഥാനാർഥിയെ നിർത്താതിരുന്നതും യുഡിഎഫിനു മെച്ചമായി.

ഇൗ നിയമസഭയിൽ കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎയാണ് ഉമ. യുഡിഎഫ് നിരയിൽ കെ.കെ.രമയ്ക്കു കൂട്ട്. വിജയം പി.ടിക്കു സമർപ്പിക്കുന്നുവെന്ന് ഉമ തോമസ് പ്രതികരിച്ചു. പാർട്ടി ഏൽപിച്ച ജോലി ഭംഗിയായി നിർവഹിച്ചെന്നു ഡോ. ജോ ജോസഫും തിരഞ്ഞെടുപ്പിലെ പ്രകടനത്തിനൊത്തുള്ള മെച്ചമുണ്ടായില്ലെന്ന് എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനും പ്രതികരിച്ചു.

അഹങ്കാരത്തിന്റെകൊമ്പു മുറിച്ചു
തുടർഭരണത്തിലൂടെ എൽഡിഎഫിനുണ്ടായ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കൊമ്പുകൾ തൃക്കാക്കരയിലെ ജനം മുറിച്ചുമാറ്റി. കേരളത്തെ നാശത്തിലേക്കു നയിക്കുന്ന സിൽവർലൈൻ പദ്ധതിയിൽനിന്നു സർക്കാർ പിന്മാറണമെന്ന മുന്നറിയിപ്പാണു ജനം നൽകിയത്.
‌വി.ഡി.സതീശൻപ്രതിപക്ഷ നേതാവ്

ജാഗ്രത വേണമെന്നമുന്നറിയിപ്പ്
ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പാണ് ജനവിധി. കേരളത്തിൽ യുഡിഎഫിന്റെ സ്വാധീനം കുറച്ചുകാണേണ്ട. ഏതു പ്രതിസന്ധിയിലും യുഡിഎഫിനു വിജയിക്കാൻ കഴിയുന്ന മുപ്പതോളം മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. വിധി സിൽവർലൈനിന് എതിരല്ല.
കോടിയേരി ബാലകൃഷ്ണൻസിപിഎം സംസ്ഥാനസെക്രട്ടറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com