കൊച്ചി മെട്രോയിൽ ആനന്ദയാത്ര; ഒരു ലക്ഷത്തിലേറെ സഞ്ചാരികൾ
Mail This Article
കൊച്ചി ∙ പിറന്നാൾ ദിനമായ ഇന്നലെ കൊച്ചി മെട്രോയിൽ രാത്രി 8 വരെ യാത്ര ചെയ്തത് 10,1131 പേർ. ഇന്നലെ ടിക്കറ്റ് നിരക്ക് 5 രൂപ മാത്രാമായിരുന്നു. കോവിഡിന് ശേഷം ആദ്യമായാണു മെട്രോയിൽ ഇത്രയധികം ആളു കയറുന്നത്. 5 വർഷത്തിനിടയിൽ രണ്ടു വട്ടം മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്. 2018 ജൂൺ 19 നാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്; 1.56 ലക്ഷം യാത്രക്കാർ. 2019 ഡിസംബർ 31 ന് 1.25 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഈ രണ്ടു ദിവസവും യാത്ര സൗജന്യമായിരുന്നു.
ഇന്നലെ ടിക്കറ്റ് നിരക്കു കുറച്ചെങ്കിലും കൂടുതൽ ട്രെയിനുകളൊന്നും ഓടിച്ചില്ല. പേട്ട മുതൽ പത്തടിപ്പാലം വരെ 7 മിനിറ്റ് ഇടവേളയിലും പത്തടിപ്പാലം മുതൽ ആലുവ വരെ 20 മിനിറ്റ് ഇടവേളയിലും ട്രെയിൻ ഓടിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണു കെഎംആർഎൽ ജന്മദിനം ആഘോഷിച്ചത്. മെട്രോ യാത്രയ്ക്ക് ഇവർക്കായി പ്രത്യേക ട്രെയിൻ ഓടിച്ചു. ഓടുന്ന ട്രെയിനിലിരുന്നു പാടിയും നൃത്തം ചെയ്തും മുട്ടം മുതൽ തൈക്കൂടം വരെയും തിരിച്ചും അവർ യാത്ര ചെയ്തു.
ഭിന്നശേഷിക്കാരായ 250 കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരുമാണു മെട്രോ ജന്മദിന സ്‌പെഷൽ യാത്രയിൽ പങ്കെടുത്തത്.സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് നേതൃത്വം നൽകി. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ, ഷൂട്ടിങ് താരം എലിസബത്ത് സൂസൻ കോശി, സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് സ്ഥാപക ഡയറക്ടർ മേരി അനിത തുടങ്ങിയവർ കുട്ടികൾക്കൊപ്പം ചേർന്നു.