ADVERTISEMENT

ആലുവ∙ റെയിൽവേ സ്റ്റേഷനിൽ ‘പ്രീമിയം പാർക്കിങ് ഏരിയ’യുടെ മറവിൽ പകൽക്കൊള്ള. ഇവിടെ ഒരു ദിവസം കാർ പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്നത് 520 രൂപ. ആലുവ മെട്രോ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ കാറിന് ഒരു ദിവസത്തേക്കു 10 രൂപയേ ഉള്ളൂ. റെയിൽവേ സ്റ്റേഷനിൽ ഒരാഴ്ച കാർ ഇട്ടിട്ടു പോകുന്ന യാത്രക്കാരൻ തിരികെ എത്തുമ്പോൾ 3,640 രൂപ കൊടുക്കണം. ഇത്രയും വലിയ തുക ഈടാക്കുന്നതു പലപ്പോഴും വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കുന്നു. പാർക്കിങ് ഫീസ് പിരിക്കൽ റെയിൽവേ കരാർ കൊടുത്തിരിക്കുകയാണ്. 

അതിനാൽ ഇതു സംബന്ധിച്ച പരാതികൾ റെയിൽവേ അധികൃതർ സ്വീകരിക്കുന്നില്ല. റെയിൽവേ നേരിട്ടു നടത്തുന്നതല്ല എന്നാണ് അവരുടെ വാദം. പ്രീമിയം നിരക്ക് മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കാതെ കബളിപ്പിക്കപ്പെട്ട ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. പ്രീമിയം പാർക്കിങ് ഏരിയയിലെ ബോർഡിൽ എഴുതിയിരിക്കുന്ന നിരക്കനുസരിച്ചു നാലുചക്ര വാഹനങ്ങൾക്ക് ആദ്യത്തെ 2 മണിക്കൂറിനു 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 25 രൂപ വീതവുമാണ്.

തൊട്ടടുത്ത് ആർഎംഎസിനോടു ചേർന്നു റെയിൽവേയുടെ തന്നെ പാർക്കിങ് സ്ഥലത്തു ദിവസം 60 രൂപ നൽകി കാർ പാർക്ക് ചെയ്യാൻ കഴിയും. ഇതിന്റെ പ്രവേശന കവാടം പക്ഷേ, മിക്കവാറും സമയങ്ങളിൽ ചങ്ങലയിട്ടു പൂട്ടിയിടുകയാണ്. പരിസരത്തെങ്ങും ആരും ഉണ്ടാകില്ല.  പ്രീമിയം ഏരിയയിലേക്കു വാഹന ഉടമകളെ എത്തിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ആരോപണം. പ്രീമിയം പാർക്കിങ് ഏരിയ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ തന്നെയാണ്. പേരിൽ പ്രീമിയം എന്നുണ്ടെങ്കിലും വാഹനങ്ങൾ മഴയും വെയിലും കൊള്ളാതിരിക്കാൻ മേച്ചിൽ പോലുമില്ല.

ദൂരസ്ഥലങ്ങളിൽ നിന്നു തിരക്കിട്ടു കുടുംബസമേതവും മറ്റും എത്തുന്നവർ പ്രീമിയം പാർക്കിങ് ഏരിയയിൽ വാഹനം ഇടാൻ നിർബന്ധിതരാകുന്നു. തിരിച്ചെത്തുമ്പോഴാണു തുക കേട്ടു ഞെട്ടുക. ജില്ലയിൽ ഏറ്റവുമധികം യാത്രക്കാരുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ആലുവ. 60 രൂപയുടെ പാർക്കിങ് ഏരിയ സ്ഥിതി ചെയ്യുന്നതു കൂറ്റൻ തണൽ മരങ്ങളുടെ ചുവട്ടിലാണ്. ഷീറ്റ് വലിച്ചു കെട്ടാത്തതിനാൽ വാഹനം തിരിച്ചെടുക്കാൻ എത്തുമ്പോൾ മുകളിൽ നിറയെ പക്ഷികളുടെ കാഷ്ഠം ആയിരിക്കും. പ്രീമിയം പാർക്കിങ് ഏരിയ എന്ന് അവകാശപ്പെട്ടു വൻതുക വാങ്ങുമ്പോൾ അതനുസരിച്ച് എന്തു സൗകര്യമാണു വാഹന ഉടമകൾക്കു നൽകുന്നത് എന്ന ചോദ്യത്തിനും റെയിൽവേ അധികൃതർക്ക് ഉത്തരമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com