തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം ഇന്ന്
Mail This Article
തിരുവൈരാണിക്കുളം∙ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് 7 യുവതികൾ സുമംഗലികളാകും. ഇതോടെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘മംഗല്യം’ സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായ യുവതികളുടെ എണ്ണം 107 ആകും. ഇന്നു രാവിലെ 8 മുതൽ 10 വരെ ക്ഷേത്രത്തിലെ പാർവതീദേവി സന്നിധിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. 10നു നടക്കുന്ന യോഗത്തിൽ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. തുടർന്നു വിവാഹസദ്യ നടക്കും.
ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2013ലാണ് മംഗല്യം വിവാഹ പദ്ധതി ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു കഴിഞ്ഞ വർഷം സമൂഹ വിവാഹം നടത്താൻ കഴിഞ്ഞില്ല. ആദ്യ വർഷം 9 യുവതികളാണ് സുമംഗലികളായത്. ക്ഷേത്ര ട്രസ്റ്റ് ആദ്യം അപേക്ഷ ക്ഷണിക്കും. ഇതിൽ നിന്നു വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരെ കണ്ടെത്തും. വരനെ വധുവിന്റെ വീട്ടുകാർ കണ്ടെത്തണം. ഇതിന് 2 മാസം അനുവദിക്കും.
വധൂവരന്മാരെയും അവരുടെ വീട്ടുകാരെയും ഉൾപ്പെടുത്തി വിവാഹ പൂർവ കൗൺസലിങ് നടത്തും. വിവാഹത്തിനു വധുവിന് ഒരു മാല, 2 കമ്മൽ, 2 വള, ഒരു മോതിരം എന്നിവ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ക്ഷേത്ര ട്രസ്റ്റ് നൽകും. വധുവിന്റെയും വരന്റെയും വിവാഹ വസ്ത്രവും നൽകും. വധുവിനു കൂടുതൽ വസ്ത്രങ്ങൾ വാങ്ങുന്നതിനു 8000 രൂപയുടെ കൂപ്പൺ നൽകും. വിവാഹസദ്യയും ക്ഷേത്ര ട്രസ്റ്റ് ഒരുക്കും.
വധുവിന്റെയും വരന്റെയും ഭാഗത്തു നിന്ന് 50 പേർക്കു വീതം പങ്കെടുക്കാം. വിവാഹത്തിന് ഓരോ ജോഡിക്കും രണ്ടര ലക്ഷം രൂപയുടെ ചെലവാണ് ക്ഷേത്ര ട്രസ്റ്റ് വഹിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ട്രസ്റ്റിന്റെ മംഗല്യ നിധിയിൽ ലഭിക്കുന്ന സംഭാവനയുമാണ് ഇതിന് ഉപയോഗിക്കുന്നത്. കൂടാതെ ഉത്സവങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കിയും പണം കണ്ടെത്തുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ സമീപ പ്രദേശത്ത് ഗുരുതര രോഗം ബാധിച്ചവർക്കു ചികിത്സാ സഹായം നൽകുന്നുണ്ട്.
ട്രസ്റ്റിന്റെ കീഴിലുള്ള യുപി, എൽപി സ്കൂളുകളിലെ വിദ്യാർഥികൾക്കു സൗജന്യമായ പഠനോപകരണം നൽകുകയും സൗജന്യ നിരക്കിൽ സ്കൂൾ ബസ് സർവീസ് നടത്തുകയും ചെയ്യുന്നു. എറണാകുളം ലക്ഷ്മി ആശുപത്രിയുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തിരുവൈരാണിക്കുളത്ത് ഗൗരിലക്ഷ്മി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.