ADVERTISEMENT

കാക്കനാട്∙ തൃക്കാക്കര നഗരസഭ നടപ്പാക്കിയ വിവിധ കാർഷിക വികസന പദ്ധതികളിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. തെങ്ങ്, വാഴ, ജാതി, മത്സ്യക്കൃഷി വികസന പദ്ധതികളിലും കിഴങ്ങുവർഗക്കിറ്റ് വിതരണത്തിലുമാണ് 2020 –2021 സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് കണ്ടെത്തിയത്. റിപ്പോർട്ട് ചർച്ച ചെയ്യാൻ മാത്രമായി അടുത്തയാഴ്ച നഗരസഭ കൗൺസിൽ പ്രത്യേക യോഗം ചേരും. ഓഡിറ്റ് ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാൻ നഗരസഭാധികൃതർക്ക് കഴിയാത്തതിനാൽ പദ്ധതികൾക്ക് തുക ചെലവഴിച്ചതു തടസ്സപ്പെടുത്തുന്നതായി ഓ‍ഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്പിസികെ) വഴി 500 പേർക്ക് സബ്സിഡി നിരക്കിൽ കിഴങ്ങുവർഗക്കിറ്റ് വിതരണം ചെയ്തതായി ഫയലിലുണ്ട്. ഇതിനുള്ള പണവും ചെലവഴിച്ചു. യഥാർഥത്തിൽ 249 പേർക്കാണ് കിറ്റ് വിതരണം ചെയ്തതെന്നാണ് ഓഡിറ്റ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 8,45,171 രൂപയാണ് കിറ്റിന് ചെലവഴിച്ചത്. ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്ത 251 പേർക്ക്് നൽകിയതായി പറയപ്പെടുന്ന കിറ്റിന്റെ തുക ബന്ധപ്പെട്ടവർ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വകുപ്പ് നിർദേശിച്ചു. വാഴക്കൃഷി വികസനത്തിലും സമാന ക്രമക്കേട് കണ്ടെത്തി. വളത്തിന്റെ 75 ശതമാനം സബ്സിഡിയാണ് നഗരസഭ നൽകിയത്. 86 പേർക്ക് നൽകേണ്ട സബ്സിഡി 92 പേർക്ക് നൽകിയതായി കാണിച്ചു പണം മാറിയിട്ടുണ്ട്. 

ഇതേക്കുറിച്ചുള്ള ഓഡിറ്റ് വകുപ്പിന്റെ ചോദ്യങ്ങൾക്കു നഗരസഭയ്ക്ക് മറുപടി നൽകാനായില്ല. 3,17,830 രൂപയാണ് സബ്സിഡിയായി വിതരണം ചെയ്തത്. തെങ്ങുകൃഷി പദ്ധതിയിലേക്ക് 120 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരുന്നത്. 173 പേർക്ക് ആനുകൂല്യം നൽകിയെന്നാണ് നഗരസഭയുടെ ഫയലിലുള്ളത്. കൂടുതൽ പേർക്ക് നൽകിയെന്നു പറയുന്ന തുക തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വകുപ്പ് നിർദേശിച്ചു. ജാതിക്കൃഷിയിൽ ആനുകൂല്യത്തിനു തിരഞ്ഞെടുത്തത് 65 പേരെയാണ്. 80 പേർക്ക് ആനുകൂല്യം നൽകിയെന്നാണ് നഗരസഭയുടെ കണക്ക്. കൂടുതൽ ചെലവഴിച്ച തുക തിരിച്ചടയ്ക്കണം. ബയോഫ്ലോക് മത്സ്യക്കൃഷി പദ്ധതി നിർവഹണത്തിലും തുക വിനിയോഗിച്ചതിൽ അപാകത കണ്ടെത്തി.   

വിദ്യാർഥികൾക്കുള്ള 2 ലാപ്ടോപ് കാണാതായി 

തൃക്കാക്കര നഗരസഭാ പരിധിയിലെ പട്ടിക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യമായി നൽകാൻ വാങ്ങിയ ലാപ്ടോപ്പിൽ ചിലത് ആരോ അടിച്ചു മാറ്റി. 8,23,800 രൂപ ചെലവഴിച്ചു 30 ലാപ്ടോപ് വാങ്ങിയെന്നാണ് ഫയലിലെ കണക്ക്. ഇതിൽ 28 ലാപ്ടോപ്പാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. ശേഷിക്കുന്ന രണ്ട് ലാപ്ടോപ് എവിടെയെന്ന് ഓഡിറ്റ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ നഗരസഭാധികൃതർ കൈ മലർത്തി. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പേരിലും ലാപ്ടോപ് കൈമാറിയിട്ടുണ്ട്. കാണാതായ ലാപ്ടോപ്പിന്റെ വില ബന്ധപ്പെട്ടവർ തിരിച്ചടയ്ക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com