നവരാത്രി: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവയ്പ്
Mail This Article
പറവൂർ ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവയ്പു നടന്നു. ദീപാരാധനയ്ക്കു ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു ചെറിയ താമരപൊയ്കയ്ക്കു നടുവിലെ ശ്രീകോവിലിൽ പൂജവയ്പു ചടങ്ങുകൾ നടത്തി. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയാറാക്കിയ പീഠത്തിലും പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കാൻ സൗകര്യമൊരുക്കിയിരുന്നു.
ഇന്നും നാളെയും രാവിലെ 4 ന് അഷ്ടാഭിഷേകം, ചിറപ്പ്, രാവിലെ 8നും വൈകിട്ടു 4നും സംഗീതോത്സവം, വൈകിട്ട് 6.30നു ദേവീപൂജ എന്നിവ നടക്കും. വിജയദശമി ദിനമായ 5നു രാവിലെ 3.30ന് അഷ്ടാഭിഷേകം, ചിറപ്പ്, 4നു പൂജയെടുപ്പ്, 4.30നു വിദ്യാരംഭം, 8 മുതൽ സംഗീതോത്സവം, 11നു പഞ്ചരത്ന കീർത്തനാലാപനം, 7നു വയലിൻ സോളോ എന്നിവയുണ്ടാകും. 16 ഗുരുക്കന്മാരാണു കുട്ടികളെ എഴുത്തിനിരുത്തുക.
ചോറ്റാനിക്കര ക്ഷേത്രത്തിൽ പൂജവയ്പ്
ചോറ്റാനിക്കര ∙ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭക്തർ പൂജവച്ചു. സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര മാതൃകയിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിലാണു പൂജവയ്പ്. ദീപാരാധനയ്ക്കു ശേഷം മേൽശാന്തി ഇ.പി. ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സരസ്വതി പൂജയോടെ കർമങ്ങൾക്ക് തുടക്കം കുറിച്ചു. വിജയദശമി ദിവസമായ 5നു വിദ്യാരംഭത്തോടെ പൂജയെടുക്കും.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്നു രാവിലെ 8.30നു നടൻ ജയറാമിന്റെ പ്രമാണത്തിൽ 151 കലാകാരൻമാർ അണിനിരക്കുന്ന പവിഴമല്ലിത്തറമേളത്തോടെ 3 ഗജവീരന്മാരോടു കൂടിയ ശീവേലി നടക്കും. വൈകിട്ട് 4 മുതൽ 2 വേദികളിലായി തിരുവാതിര, ശാസ്ത്രീയ സംഗീതം, ഭക്തി സംഗീതസന്ധ്യ, ഹിന്ദുസ്ഥാനി കർണാട്ടിക് സംഗീതസന്ധ്യ, സോപാനസംഗീതം, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. രാത്രി 8.30നു വിളക്കിനെഴുന്നള്ളിപ്പ്.