ADVERTISEMENT

കാക്കനാട്∙ ആവശ്യത്തിനു ജീവനക്കാരും ആധുനിക ഉപകരണങ്ങളും ഇല്ലാത്തതിനാൽ ആഭ്യന്തര വകുപ്പിന്റെ മധ്യമേഖല കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനാ ഫലം കാത്തു കെട്ടിക്കിടക്കുന്നത് 60,000 സാംപിളുകൾ. പതിനെണ്ണായിരത്തോളം ക്രിമിനൽ കേസുകളിലായാണ് ഇത്ര സാംപിളുകൾ പരിശോധിക്കാനുള്ളത്. ദുരൂഹ മരണങ്ങളിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്കയയ്ക്കുന്ന സാംപിളാണു ഫലം കാത്തു കിടക്കുന്നവയിൽ കൂടുതലും. കൊലപാതകം, ആത്മഹത്യ, അസ്വാഭാവിക മരണം ഉൾപ്പെടെ 11,000 കേസുകളിലെ സാംപിളാണു പരിശോധിക്കാനുള്ളത്.

ലഹരി കലർന്ന രക്തം, വ്യാജ മദ്യം, നർക്കോട്ടിക് ഇനങ്ങൾ തുടങ്ങിയവയും ഫലം കാത്തു കിടക്കുന്നു. വർഷങ്ങൾ പഴക്കമുള്ള സാംപിളുകളും ഉൾപ്പെടും. കാലഹരണപ്പെട്ട ഉപകരണങ്ങളിൽ പരിശോധന നടത്തുന്നതാണു താമസത്തിനു കാരണം. പരിശോധനകൾ സുതാര്യമായും എളുപ്പത്തിലും പൂർത്തിയാക്കാവുന്ന അത്യാധുനിക യന്ത്രങ്ങൾ ലഭ്യമാക്കിയാൽ മാത്രമേ ഫലം സമയബന്ധിതമായി നൽകാനാകൂയെന്നു ലബോറട്ടറി ജീവനക്കാർ പറഞ്ഞു. അടിയന്തര കാര്യങ്ങൾക്കു ചെലവഴിക്കാൻ ഫണ്ട് ഇല്ലാത്തതും ലബോറട്ടറിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ടെലിഫോൺ ബില്ലുകൾ ഉദ്യോഗസ്ഥർ പോക്കറ്റിൽ നിന്നെടുത്ത് അടയ്ക്കേണ്ടിവരാറുണ്ട്.

കംപ്യൂട്ടർ അറ്റകുറ്റപ്പണി വന്നാലോ പ്രിന്ററിലെ മഷി തീർന്നാലോ പലപ്പോഴും സ്വന്തം നിലയിൽ പണം കണ്ടെത്തണം. പരിശോധന കഴിഞ്ഞ സാംപിൾ അവശിഷ്ടം നീക്കം ചെയ്യുന്ന ഏജൻസിക്കു നൽകാനും പണം കിട്ടാത്ത അവസ്ഥയുണ്ട്. സാംപിൾ വയ്ക്കാൻ സ്ഥലമില്ലെന്നതും അലട്ടുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള സാംപിളുകളാണു മധ്യമേഖല ലബോറട്ടറിയിൽ എത്തുന്നത്. പൊലീസ്, എക്സൈസ്, വനം, വെറ്ററിനറി, മോട്ടർ വാഹന വകുപ്പുകളിൽ നിന്നാണു കൂടതലും സാംപിൾ എത്തുന്നത്. കോടതികൾ അടിയന്തരമായി ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ മാത്രമേ ഇവിടെ നിന്നു കൃത്യമായി നൽകാനാകുന്നുള്ളു.

ജീവനക്കാർ കുറവ്

മധ്യമേഖല കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ സാംപിൾ പരിശോധിക്കുന്ന സാങ്കേതിക വിഭാഗത്തിലുള്ളതു നാമമാത്ര ജീവനക്കാർ മാത്രം. ജോയിന്റ് കെമിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ 7 അസി. കെമിക്കൽ എക്സാമിനർമാരും 10 സയന്റിഫിക് ഓഫിസർമാരും 7 ടെക്നിക്കൽ അസിസ്റ്റന്റുമാരുമാണു ലബോറട്ടറിയിലുള്ളത്. 1998ൽ നാർക്കോട്ടിക് പരിശോധന തുടങ്ങിയപ്പോൾ സാംപിളിനു കാത്തിരുന്ന കാലമുണ്ടായിരുന്നു. പിന്നീടു നർക്കോട്ടിക് കുറ്റകൃത്യങ്ങൾ പെരുകിയതോടെ സാംപിളിന്റെ ഒഴുക്കായി.

3500 നർക്കോട്ടിക് സാംപിളുകളാണു നിലവിൽ പരിശോധനാ ഫലം കാത്തു കിടക്കുന്നത്. തുടക്ക കാലത്തു കഞ്ചാവു മാത്രമാണു പരിശോധനയ്ക്കെത്തിയിരുന്നതെങ്കിൽ ഇപ്പോൾ കേട്ടുകേൾവിയില്ലാത്ത നർക്കോട്ടിക് ഇനങ്ങളാണു പൊലീസും എക്സൈസും പരിശോധനയ്ക്ക് കൊണ്ടുവരുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഇവയുടെ പരിശോധന സങ്കീർണമായി മാറുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com