ഞണ്ടിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പുഴയിൽ അറിയിക്കുക...; അടുത്ത കാലത്തൊന്നും ഈ അവസ്ഥ ഉണ്ടായിട്ടില്ല
Mail This Article
വൈപ്പിൻ ∙ ഞണ്ടു കറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ടെന്നു പഴഞ്ചൊല്ല്. ഞണ്ടിറച്ചിയുടെ അപാര രുചിയെക്കുറിച്ചാണു സൂചന. എന്നാൽ ഒരു കറിക്കുപോലും ഞണ്ടു കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. പ്രാദേശിക ഞണ്ടു കച്ചവടക്കാർ പലരും ഇടപാട് അവസാനിപ്പിച്ചു. ക്ഷാമം മൂലം കയറ്റുമതിക്കാരിൽ പലരും പിൻവാങ്ങാനുള്ള ഒരുക്കത്തിലാണ്. അടുത്ത കാലത്തൊന്നും പുഴയിലും പാടത്തും ഞണ്ട് ഇത്തരത്തിൽ ഇല്ലാതായ കാലം ഉണ്ടായിട്ടില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഏതാനും മാസങ്ങളായി ഞണ്ടു തീരെ കിട്ടാത്ത അവസ്ഥ. നേരത്തെ, സീസൺ സമയത്ത് ഒരു ലക്ഷത്തിലേറെ രൂപയുടെ ഇടപാടു നടത്തിയിരുന്ന പ്രദേശിക കച്ചവടക്കാർക്ക് ഇപ്പോൾ ആയിരം രൂപയുടെ ഇടപാടു പോലും നടത്താനാവുന്നില്ല. വൈറസ് രോഗബാധയ്ക്കു പുറമേ, പുഴവെള്ളത്തിലെ രാസ മാലിന്യ സാന്നിധ്യം വർധിച്ചതാണു ഞണ്ടു കുറയാനുള്ള കാരണമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. വെള്ളത്തിലെ ഇത്തരം മാറ്റം ഞണ്ടുകളെ പെട്ടെന്നു ബാധിക്കും. ലാർവ പരുവത്തിൽ തന്നെ കുഞ്ഞുങ്ങൾ നശിച്ചുക്കുന്ന സാഹചര്യം ഉണ്ടാവും.
നിസ്സാര ലാഭം ലക്ഷ്യമിട്ടു ചെറിയ ഞണ്ടുകളെപ്പോലും പിടിച്ചെടുക്കുന്ന പ്രവണതയും മറ്റൊരു കാരണമാണ്. ഇതോടെ പ്രജനനത്തിനു സാധ്യത ഇല്ലാതാവുകയും ഞണ്ടിന്റെ എണ്ണം കുറയുകയും ചെയ്യുന്നു. ഞണ്ടിൻ കുഞ്ഞുങ്ങളെ കൃത്രിമമായി ഉൽപാദിപ്പിക്കുന്നത് എളുപ്പമല്ല. വൈറസ് ബാധ മൂലം ചെമ്മീൻ നശിക്കുമ്പോൾ പലപ്പോഴും കർഷകർ പിടിച്ചുനിന്നിരുന്നതു ഞണ്ടു വഴി ലഭിക്കുന്ന വരുമാനത്തിലൂടെയായിരുന്നു. എന്നാൽ ഇക്കുറി പല കെട്ടുകളിൽ നിന്നും ഒരു ഞണ്ടിനെപ്പോലും കിട്ടിയില്ല.