കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു
Mail This Article
പെരുമ്പാവൂർ ∙ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ കോടനാട് വനാതിർത്തിയിൽ നെടുമ്പാറയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. ഏകദേശം 20 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. വനംവകുപ്പ് അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. കിണറ്റിൽ വീണപ്പോഴുണ്ടായ പരുക്കാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
ശനിയാഴ്ച പുലർച്ചെയാണ് മുല്ലശ്ശേരി തങ്കന്റെ പറമ്പിലെ കിണറ്റിൽ ആന വീണതെന്നു കരുതുന്നു. രാത്രി പന്ത്രണ്ടോളം കാട്ടാനകൾ പരിസരത്തെ കൃഷിയിടത്തിൽ എത്തി കൃഷി നശിപ്പിച്ചിരുന്നു. ഇതിലെ ഒരു ആനയാണ് കിണറ്റിൽ വീണതെന്നു കരുതുന്നു. പിന്നിലേക്കു വീണ് ഇടംവലം തിരിയാനാകാത്ത വിധം ഇരിക്കുന്ന വിധത്തിലായിരുന്നു ആനയുടെ ജഡം. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. വെള്ളമുള്ള സമയത്ത് മോട്ടർ ഉപയോഗിച്ചു കൃഷിക്ക് ഉപയോഗിക്കുന്ന കിണർ ആണിത്. രാവിലെ 8ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും 10 മണിക്കു ശേഷമാണ് ഉദ്യോഗസ്ഥർ എത്തിയത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാലെ ജഡം പുറത്തെടുക്കാൻ സമ്മതിക്കൂ എന്നു ചൂണ്ടിക്കാട്ടി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധിച്ചു.
കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിക്കുമെന്നു റേഞ്ച് ഓഫിസർ ജിയോ ബേസിൽ പോൾ സ്ഥലത്തെത്തി അറിയിച്ചതിനു ശേഷമാണു ജഡം പുറത്തെടുത്തത്. കിണറിന്റെ വശം ഇടിച്ചു വഴിയുണ്ടാക്കി മണ്ണുമാന്ത്രി യന്ത്രത്തിന്റെ സഹായത്തോടെ ഉച്ചയോടെ ജഡം പുറത്തെടുക്കുകയായിരുന്നു. ജനവാസമേഖലയിൽ നിന്ന് ആനകളെ തുരത്തി പുഴകടത്തി വിട്ടതായി റേഞ്ച് ഓഫിസർ പറഞ്ഞു. കാട്ടാന ശല്യം നിയന്ത്രിക്കാൻ ശാശ്വത നടപടികൾ വേണമെന്നു സ്ഥലം സന്ദർശിച്ച ബെന്നി ബഹനാൻ എംപിയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയും ആവശ്യപ്പെട്ടു.