ADVERTISEMENT

 

കാക്കനാട്∙ കൊടുംവരൾച്ചയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ  കുഴൽക്കിണർ കുഴിക്കുന്ന ഭൂ ജല വകുപ്പിന്റെയന്ത്രം കട്ടപ്പുറത്തായി.കുഴൽക്കിണറിനായി ഒട്ടേറെ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് കിണർ കുഴിക്കുന്ന റിഗ്ഗ് കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ കുരുങ്ങി കട്ടപ്പുറത്തായത്. വാഹനത്തിൽ ഘടിപ്പിച്ച ഉപകരണമാണ് കുഴൽക്കിണർ കുഴിക്കാൻ ഉപയോഗിക്കുന്നത്. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിയമവിരുദ്ധമാക്കുന്ന ചട്ടം ഏപ്രിൽ ഒന്നിനു നിലവിൽ വന്നതോടെയാണ് റിഗ്ഗ് ഉപയോഗിക്കാനാകാതെ വന്നത്. റിഗ്ഗ് ഘടിപ്പിച്ച വാഹനത്തിന് 2024 വരെ ആർടിഒ ഫിറ്റ്നസ് നൽകിയിരുന്നെങ്കിലും പുതിയ നിയമം വന്നതോടെ ഇത് അസാധുവായി. അടിയന്തരമായി 40 കുഴൽക്കിണറുകൾ കുഴിക്കാനുള്ള ഫയൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് റിഗ്ഗ് നിയമക്കുരുക്കിലായത്. 

പുതിയ റിഗ്ഗ് ലഭിച്ചാലേ കുഴൽക്കിണർ നിർമാണം പുനരാരംഭിക്കാനാകു. റിഗ്ഗിന് ഒരു കോടിയോളം രൂപ വിലയുണ്ട്. ഇതു കേരളത്തിൽ നിർമിക്കുന്നില്ല. ഇ –ടെൻഡറിലൂടെ ഇതര സംസ്ഥാന കമ്പനികളിൽ നിന്നു വേണം റിഗ്ഗ് വാങ്ങാൻ. കുഴൽക്കിണർ കുഴിക്കുന്നതിനു മുൻപ് സ്ഥലത്ത് വെള്ളം കിട്ടുമോയെന്നുറപ്പാക്കാനുള്ള പരിശോധനയും ഭൂജല വകുപ്പ് നടത്തിയിരുന്നു. വെള്ളം കിട്ടുമെന്നുറപ്പായാൽ മാത്രമേ കുഴൽക്കിണർ കുഴിക്കാറുള്ളൂ. സ്വകാര്യ ഏജൻസി വാങ്ങുന്നതിന്റെ പകുതി തുക മാത്രം ഈടാക്കിയാണ് ഭൂ ജല വകുപ്പ് കുഴൽക്കിണർ കുഴിച്ചു കൊടുത്തിരുന്നത്. ഒരു മീറ്റർ കുഴിക്കാൻ 390 രൂപയാണ് ഈടാക്കിയിരുന്നത്. 110 മീറ്റർ വരെ കുഴിക്കാൻ ശേഷിയുണ്ടായിരുന്ന റിഗ്ഗാണ് ജില്ലയിലേത്. വരൾച്ചക്കാലത്താണ് കുഴൽക്കിണറിനായി കൂടുതൽ അപേക്ഷകൾ എത്തുന്നത്. കർഷകർക്ക് സബ്സിഡി നിരക്കിലാണ് കുഴൽക്കിണർ നിർമിച്ചു നൽകിയിരുന്നത്. 

കുറച്ച് സ്ഥലത്ത് കുഴൽക്കിണർ

സ്ഥലം കുറച്ചു മതിയെന്നതാണ് കുഴൽക്കിണറുകളുടെ ആകർഷണീയത. വരൾച്ചക്കാലത്ത് വറ്റുന്നതും വിരളം. ഉൾപ്രദേശത്തും നഗരങ്ങളിലും കുഴൽക്കിണറിന് ആവശ്യക്കാരുണ്ട്. ഭൂ ജല വകുപ്പിൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ ക്രമത്തിലാണ് കുഴൽക്കിണർ നിർമിച്ചു നൽകുന്നത്. വെള്ളം കിട്ടുമോയെന്ന പരിശോധനക്ക് പ്രത്യേക ഫീസ് ഈടാക്കും. വ്യക്തികളും കർഷകരും 585 രൂപയാണ് അടക്കേണ്ടത്. സ്ഥാപനങ്ങൾക്ക് 1,935 രൂപയും വ്യവസായ സ്ഥാപനങ്ങൾക്ക് 3,860 രൂപയുമാണ് പരിശോധന ഫീസ്. വെള്ളം കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷമാണ് കുഴൽക്കിണർ കുഴിക്കലെന്നതിനാൽ സാമ്പത്തിക നഷ്ട സാധ്യത കുറവാണ്. സ്വകാര്യ ഏജൻസികളെക്കാൾ കുറഞ്ഞ നിരക്കിൽ കുഴൽക്കിണർ ലഭിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com