ചൂലെടുത്ത് കലക്ടർ, കുട്ടയെടുത്ത് ജീവനക്കാർ; കലക്ടറേറ്റ് വളപ്പ് ക്ലീൻ
Mail This Article
കാക്കനാട്∙ ചൂലും കുട്ടയും തൂമ്പയും മൺവെട്ടിയുമായി കലക്ടർ എൻ.എസ്.കെ.ഉമേഷും ജീവനക്കാരും ഒത്തുരമയോടെ ഇറങ്ങിയപ്പോൾ മൂന്നു മണിക്കൂർ കൊണ്ടു കലക്ടറേറ്റ് വളപ്പ് ക്ലീൻ.‘മാലിന്യ മുക്തം നവ കേരളം’ പ്രചാരണത്തോടനുബന്ധിച്ചാണ് കലക്ടറും സഹപ്രവർത്തകരും സ്വന്തം ഓഫിസ് വളപ്പ് ശുചീകരിക്കാനിറങ്ങിയത്. അവധി മറന്നായിരുന്നു രണ്ടാം ശനിയാഴ്ചയിലെ ശുചീകരണം. ട്രാക്ക് സ്യൂട്ടും ടീഷർട്ടും ധരിച്ചെത്തിയ കലക്ടർ ചപ്പുചവറുകൾ നീക്കാനും പുല്ലും കുറ്റിക്കാടും വെട്ടാനും ജീവനക്കാർക്കൊപ്പം കൂടി. ജൈവ–അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണ് ശേഖരിച്ചത്. ഹരിതകർമ സേനയും ശുചിത്വ മിഷനും ചേർന്ന് ഇവ സംസ്ക്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
സിവിൽ സ്റ്റേഷനിലെ ഓരോ ഓഫിസുകളിലെയും ജീവനക്കാർക്ക് ശുചീകരണത്തിനായി കലക്ടറേറ്റ് വളപ്പിൽ പ്രത്യേക ഇടങ്ങൾ നിശ്ചയിച്ചിരുന്നു. നവകേരളം സംസ്ഥാന കോ–ഓർഡിനേറ്റർ ടി.എൻ.സീമ, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ബിന്ദു, ഹുസൂർ ശിരസ്തദാർ കെ.അനിൽകുമാർ മേനോൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം.ഷഫീഖ്, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ കെ.കെ.മനോജ്, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡപ്യൂട്ടി കോ–ഓർഡിനേറ്റർ എം.എസ്.ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.