ADVERTISEMENT

നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമ ജി.നായരുടെ കാരുണ്യസ്പർശത്താൽ ഒരു കുടുംബത്തിനു കൂടി വീടായി. അന്തരിച്ച നടൻ മണി മായമ്പള്ളിയുടെ കുടുംബത്തിനാണു ചേന്ദമംഗലം മനക്കോടത്തു വീടു നിർമിച്ചു നൽകിയത്. സീമ ജി.നായരുടെ നേതൃത്വത്തിൽ നിർമിച്ച മൂന്നാമത്തെ വീടാണിത്. സീമയോടുള്ള സ്നേഹസൂചകമായി വീടിനു സ്നേഹത്തിൽ ചാലിച്ച പേരുമിട്ടു ; ‘സ്വപ്നസീമ’.

2018 ലെ വെള്ളപ്പൊക്കക്കാലത്തു വാടകവീട്ടിലായിരുന്ന മണിയുടെ കുടുംബത്തിനു മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടതിനെത്തുടർന്നാണു സീമ കുടുംബവുമായി ആദ്യം ബന്ധപ്പെട്ടത്. അന്നു സഹായം നൽകി മടങ്ങിയെങ്കിലും ബന്ധം തുടർന്നു. മണിയുടെ മരണശേഷം കഷ്ടപ്പെട്ടാണു കുടുംബം കഴിഞ്ഞിരുന്നത്. മണിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ നടൻ മനോജ് പറവൂരും മറ്റും സീമ ജി.നായരെ അറിയിച്ചു. സുമനസ്സുകളുടെ സഹായത്തോടെ മനക്കോടത്ത് 4 സെന്റ് സ്ഥലം വാങ്ങി 3 മുറി ഉൾപ്പെടുന്ന വീടു നിർമിച്ചു.

മണി മായമ്പിള്ളി
മണി മായമ്പിള്ളി

കഴിഞ്ഞ ദിവസമായിരുന്നു സ്വപ്നസീമയിൽ പാലുകാച്ചൽ. ചടങ്ങിനെത്തിയ സ്ഥലം എംഎൽഎ  വി.ഡി.സതീശൻ പറഞ്ഞ അഭിനന്ദനവാക്കുകൾ സീമയുടെ ചെവിയിൽ മുഴങ്ങുന്നു ‘ വീട് രണ്ടു രീതിയിൽ പണിതു നൽകാം. ഒന്ന് ഒരു കടമ പോലെ, രണ്ട് മനസ്സറിഞ്ഞ്. ഈ വീടു കണ്ടാലറിയാം  സീമ മനസ്സറിഞ്ഞു ചെയ്തതാണെന്ന് ’ 2015 – 2016 വർഷത്തെ മികച്ച നാടക നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ മണി മായമ്പിള്ളി തൃശൂർ സ്വദേശിയാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്നതിനാൽ വാടക വീടുകളിലായിരുന്നു താമസം.

സീമ ജി.നായരുടെ നേതൃത്വത്തിൽ മണി മായമ്പിള്ളിയുടെ കുടുംബത്തിനു നിർമിച്ചു നൽകിയ വീട്.
സീമ ജി.നായരുടെ നേതൃത്വത്തിൽ മണി മായമ്പിള്ളിയുടെ കുടുംബത്തിനു നിർമിച്ചു നൽകിയ വീട്.

അമ്മ, ഭാര്യ, 2 മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ പ്രളയം വന്നതോടെ ദയനീയമായി. 2 വർഷം മുൻപു മണി മരിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയായി. ‘സ്വന്തമായൊരു വീട്’ എന്ന മണിയുടെ സ്വപ്നം യാഥാർഥ്യമായപ്പോൾ അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. മണിയുടെ ഭാര്യ ശ്രീകുമാരിക്കു ജീവിത മാർഗത്തിനായി ജോലി ആവശ്യമാണ്.

മക്കളായ അക്ഷയും അഭിനവും വിദ്യാർഥികളാണ്.കലാരംഗത്തുള്ളവർക്കു സീമ.ജി.നായരുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്. സീരിയൽ താരം ശരണ്യക്കാണ് ആദ്യം വീടു നൽകിയത്. ശരണ്യയുടെ തളർന്നുപോയ ജീവിതത്തിലുടനീളം സീമ തണലായി കൂടെ നിന്നു.

സ്നേഹസീമയെന്നാണു ശരണ്യക്കായി നിർമിച്ച വീടിനു പേരിട്ടത്.കോമഡി പരിപാടികളിലൂടെ പ്രശസ്തയായ മായാകൃഷ്ണനു മുളന്തുരുത്തിയിൽ പണിത വീടിനു വിജയസീമ എന്നു പേരിട്ടു. എല്ലാവരെയും ചിരിപ്പിച്ച മായയുടെ സ്വന്തം ജീവിതത്തിലും ചിരിയും സമാധാനവും വേണമെന്ന മോഹവുമായാണു സീമ മുന്നിട്ടിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com