വിദ്യാലയങ്ങൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക്: ശ്വാസം മുട്ടി ആലുവ
Mail This Article
ആലുവ∙ വിദ്യാലയങ്ങൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. പാലസ് റോഡ്, പമ്പ് കവല, പെരുമ്പാവൂർ ദേശസാൽകൃത റോഡ്, സീനത്ത് ജംക്‌ഷൻ, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, ജില്ലാ ആശുപത്രി കവല, കാരോത്തുകുഴി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ബാങ്ക് കവല, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെയും വൈകിട്ടും നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ദേശീയപാതയിൽ നിന്നു നഗരത്തിന്റെ ഉള്ളിലേക്കു കടന്നാൽ പലപ്പോഴും 30–40 മിനിറ്റ് വാഹനങ്ങൾ നിരങ്ങി നീങ്ങേണ്ട സ്ഥിതിയാണ്. മെട്രോ ഇറങ്ങി വിവിധ സ്ഥലങ്ങളിലേക്കു പോകാൻ ഓട്ടോ വിളിക്കുന്നവരും കുരുക്കിൽ പെട്ടുപോകും. തിരക്കേറിയ റോഡുകളിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതും ഗതാഗത നിയന്ത്രണത്തിനു വേണ്ടത്ര പൊലീസ് ഇല്ലാത്തതുമാണ് കുരുക്കിനു പ്രധാന കാരണം.
നഗരത്തിലെ മിക്ക സ്കൂളുകളിലും ക്ലാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേസമയത്താണ്. നേരത്തെ ട്രാഫിക് പൊലീസ് നഗരത്തിലെങ്ങും റോന്തു ചുറ്റുകയും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കാൻ മൈക്കിലൂടെ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. നീക്കിയില്ലെങ്കിൽ പിഴ അടയ്ക്കണം. ഇപ്പോൾ അത്തരം നടപടി ഒന്നുമില്ല.