ADVERTISEMENT

കൊച്ചി ∙ വൈറ്റില കണിയാമ്പുഴയിൽ പോളപ്പായലിൽ കുടുങ്ങിയ ബാർജ് രണ്ടാം ദിവസവും നീക്കാനായില്ല. ഇതുമൂലം വൈറ്റില–കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സർവീസ് ഉൾപ്പെടെ ദേശീയ ജലപാതയിൽ ഗതാഗതം ഇന്നലെയും തടസ്സപ്പെട്ടു. തുറമുഖത്തു നിന്ന് അമ്പലമുകളിലെ ഫാക്ടിന്റെ പ്ലാന്റിലേക്കും തിരിച്ചുമുള്ള ബാർജ് ഗതാഗതവും പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. 

ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ കൊച്ചി–അമ്പലമുകൾ ജലപാതയിലാണു  തടസ്സം. ഫാക്ടിന്റെ പ്ലാന്റിൽ റോക്ക് ഫോസ്ഫേറ്റ് ഇറക്കി തിരിച്ചു പോരുകയായിരുന്ന ബാർജാണു ചൊവ്വ പുലർച്ചെ നാലരയ്ക്കു കണിയാമ്പുഴയിൽ കുടുങ്ങിയത്. പ്രൊപ്പല്ലറിൽ പായലും പുല്ലുമെല്ലാം കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ടു ബാർജ് പായലിനുള്ളിൽ കുടുങ്ങിയ നിലയിലാണ്. ഉൾനാടൻ ജലപാത അതോറിറ്റിയുടെ (ഐഡബ്ല്യുഎഐ) ‘ചെമ്പകം’ എന്ന ബാർജ് ഉപയോഗിച്ചു വടംകെട്ടി വലിച്ചു നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കണിയാമ്പുഴയ്ക്കു കുറുകെയുള്ള 3 പാലങ്ങളുടെ തൂണുകളിൽ തടഞ്ഞ് ഈ പോളപ്പായൽ കൊച്ചി കായലിലേക്ക് ഒഴുകാതെ നിൽക്കുകയാണ്.

ഫ്ലോട്ടിങ് എക്സ്കവേറ്റർ എത്തിച്ചു പോള പായൽ നീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ഉൾനാടൻ ജലപാത അതോറിറ്റി കൊച്ചി റീജനൽ ഓഫിസ് ഡയറക്ടർ മാത്യു ജോർജ് പറഞ്ഞു. അമ്പലമുകളിലെ ഫാക്ട് പ്ലാന്റിലേക്ക് പ്രതിദിനം 10 ബാർജുകൾ ഈ ജലപാത വഴി പോകാറുണ്ട്. ഗതാഗതം തടസ്സപ്പെട്ടതു മൂലം അമോണിയയും ഫോസ്ഫറിക് ആസിഡും നിറച്ച 3 ബാർജുകൾ ജലപാതയിൽ കുടുങ്ങി. ഇതിൽ അമോണിയ നിറച്ച 2 ബാർജുകൾ സുരക്ഷ കണക്കിലെടുത്ത് തുറമുഖത്തെ ഫാക്ടിന്റെ ബർത്തിലേക്കു തിരിച്ചു പോയി. രണ്ടു ദിവസമായിട്ടും നീക്കാനാകാത്തതു മൂലം ബാർജിലെ 9 ജീവനക്കാർ കടുത്ത പ്രതിസന്ധിയിലായി. ഭക്ഷണവും വെള്ളവും ഇവർക്കു പുറത്തു നിന്ന് എത്തിച്ചു നൽകുകയാണ്.

ബാർജിൽ നിന്നു കരയിലേക്കു കയർ കെട്ടി അതു പിടിച്ചു പോളപ്പായലിനു മുകളിലൂടെ നടന്നാണു ഭക്ഷണവും വെള്ളവുമെത്തിക്കുന്നത്. പോളപ്പായലും വള്ളിപ്പായലും നല്ല കട്ടിയിൽ ആഴ്ന്നു കിടക്കുന്നതിനാലാണ് ഇതിനു മുകളിലൂടെ നടക്കാൻ കഴിയുന്നത്. പതിവു വില്ലൻ ദേശീയ ജലപാത മൂന്നിൽ എല്ലാ മൺസൂൺ കാലത്തും ജലഗതാഗതത്തിനു പോളപ്പായൽ വെല്ലുവിളിയാകാറുണ്ടെങ്കിലും രണ്ടു ദിവസത്തോളം ഗതാഗതം മുടങ്ങുന്നത് ആദ്യമായാണ്. 

കടമ്പ്രയാറിലും ചിത്രപ്പുഴയിലും വളരുന്ന പോളപ്പായലാണു മൺസൂൺ മഴയിൽ വരുന്ന മലവെള്ളത്തിൽ ഒലിച്ചിറങ്ങി ദേശീയ ജലപാതയിൽ തിങ്ങി നിറഞ്ഞു ജലഗതാഗതം തടസ്സപ്പെടുത്തുന്നത്. എല്ലാ വർഷവും മൺസൂൺ കാലത്ത് ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ബാർജ് ഗതാഗതം പൂർണമായും തടസ്സപ്പെടാറില്ല. വേലിയിറക്ക സമയത്ത് പോളപ്പായൽ കൊച്ചി കായലിലേക്കു നീങ്ങിപ്പോകാറാണു പതിവ്.

ഇത്തവണ വലിയ തോതിൽ പോളപ്പായൽ വന്ന് അടിഞ്ഞുകൂടിയതു മൂലമാണു ജലഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായതെന്നു മാത്യു ജോർജ് പറഞ്ഞു. പോളപ്പായൽ അടിഞ്ഞുകൂടി ജലഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഈ പാത പ്രയോജനപ്പെടുത്തുന്ന വാട്ടർ മെട്രോയും ഫാക്ടും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മുൻകയ്യെടുക്കണമെന്നു കേരള മാരിടൈം ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി എ.എം. ജയിംസ് പറഞ്ഞു. 

ആമസോൺ ഭീകരൻ

ദക്ഷിണ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിൽ ഉദ്ഭവിച്ച് അതിശയകരമായ വേഗതയിലാണ് 'ഐക്കൊർണിയ ക്രാസിപെസ്' എന്ന ‘വാട്ടർ ഹിയാസിന്ത്’ ലോകം മുഴുവൻ പടർന്നത്. പോളപ്പായൽ, കുളവാഴ എന്നൊക്കെ വിളിക്കും. വർഷങ്ങൾ കഴിഞ്ഞാലും നശിക്കാത്ത അതിജീവന ശേഷിയുള്ള പതിനായിരക്കണക്കിനു വിത്തുകളിൽ നിന്നു തൈ മുളച്ച് ഇവ ജലാശയങ്ങളിൽ അതിവേഗം വ്യാപിക്കും.   വെള്ളത്തിലേക്കു സൂര്യ പ്രകാശം കടത്തി വിടാതെ ജീവജാലങ്ങളെ നശിപ്പിക്കും. നീരൊഴുക്കു തടഞ്ഞു ജല ഗതാഗതത്തെയും തടസ്സപ്പെടുത്തും.

English Summary : Barge blocked the way of Kochi Water Metro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com