ADVERTISEMENT

വൈപ്പിൻ∙ മഴ ശക്തമായതോടെ നായരമ്പലം മാനാട്ടുപറമ്പ് മേഖലയിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായി. മാസങ്ങളായി മണ്ണിനടിയിൽ കഴി‍ഞ്ഞിരുന്ന ഒച്ചുകൾ കൂട്ടത്തോടെ പുറത്തു വന്നു തുടങ്ങി. മുൻ വർഷങ്ങളിലും  ഇതേ സമയത്ത് ഈ മേഖല രൂക്ഷമായ ഒച്ച് ശല്യത്തിന്റെ പിടിയിലായിരുന്നു. പുല്ലുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലും പോക്കറ്റ് റോഡുകളിലും വീടുകളുടെ പരിസരത്തും വരെ ഒച്ചുകൾ നിറഞ്ഞു. ഇക്കുറിയും ഇത് ആവർത്തിക്കുമോയെന്നുള്ള ആശങ്കയിലാണ്  ജനങ്ങൾ. 

തുടക്കത്തിൽ പലയിടത്തും ഒന്നോ രണ്ടോ എണ്ണത്തിനെ കാണുകയും ദിവസങ്ങൾക്കുള്ളിൽ അനേകമിരട്ടിയായി പെരുകുകയും ചെയ്യുന്നതാണ് ഒച്ചുകളുടെ വ്യാപന രീതി. മുൻ വ൪ഷങ്ങളിലേതു പോലെ കൃഷിയിടങ്ങളിലെ പപ്പായ, വാഴ,കടച്ചക്ക തുടങ്ങിയ കൃഷിയിനങ്ങളും പൂച്ചെടികളും ഇവ തിന്നു നശിപ്പിക്കുമോയെന്നുള്ള ആശങ്കയും നാട്ടുകാർക്കുണ്ട്. ഒച്ചുകളുടെ സ്രവം മനുഷ്യരിലും വളർത്തു മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അതു സംബന്ധിച്ച  ഭീതിയും ശക്തമാണ്. 

കാടു പിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പറമ്പുകൾ ഏറെയുള്ള പ്രദേശമാണ് മാനാട്ടുപറമ്പ്. ഇത്തരം സ്ഥലങ്ങളിൽ പെരുകുന്ന ഒച്ചുകൾ അവിടുത്തെ ഭക്ഷണം തീരുന്നതോടെ തൊട്ടു കിടക്കുന്ന ജനവാസ മേഖലകളിലേക്കു നീങ്ങുകയാണ് ചെയ്യുക. മുൻകാലങ്ങളിൽ ഉപ്പു വിതറിയും മറ്റുമാണ് ഇവയെ പ്രതിരോധിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതൊന്നും ഫലപ്രദമല്ല.

ഒച്ചുകളുടെ വംശവർധനയ്ക്കും വ്യാപനത്തിനും ഇട നൽകാതെ കാടുപിടിച്ച പറമ്പുകൾ അടിയന്തരമായി സ്ഥലമുടമകൾ യന്ത്ര സഹായത്തോടെ വൃത്തിയാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ  കർശന നിർദേശം അധികൃതർ നൽകണമെന്ന്  പൊതു പ്രവ൪ത്തകനായ ശ്രീജിത് കുന്നത്തുശ്ശേരി ആവശ്യപ്പെട്ടു. പുരയിടങ്ങൾ വൃത്തിയാകുന്നതോടെ പാമ്പു ശല്യത്തിനും കാര്യമായ ശമനമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com