ADVERTISEMENT

കളമശേരി ∙ ഭക്തരുടെ മനസ്സും വയറും നിറച്ച് തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവം കൊടിയിറങ്ങി. 10 ദിവസത്തെ ഉത്സവം നാടിന്റെ ഐക്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന അവിസ്മരണീയ അനുഭവമായി.എല്ലാ ദിവസവും ക്ഷേത്രകലകളുടെ അരങ്ങു സജീവമായപ്പോൾ ആയിരങ്ങൾ പങ്കെടുത്ത ഉത്രാട, തിരുവോണ സദ്യകൾ കെങ്കേമമായി. ഈ നൂറ്റാണ്ടിലെ (കൊല്ലവർഷം) അവസാനത്തെ തിരുവോണ സദ്യ ഉണ്ണാനെത്തിയത് കാൽ ലക്ഷം പേർ.

തിരുവോണ ദിനത്തിൽ തൃക്കാക്കരയപ്പൻ മഹാവിഷ്ണുവിന്റെ ത്രിവിക്രമ രൂപത്തിൽ ചന്ദനച്ചാർത്തണിഞ്ഞു ഭക്തർക്കു ദർശനമേകി. തിരുവോണ ദിനത്തിൽ നടന്നും വാഹനങ്ങളിലും ദൂരം താണ്ടി തൃക്കാക്കരയപ്പന്റെ നടയിലേക്കു ഭക്തരുടെ ഒഴുക്കായിരുന്നു. മഹാബലിയെ എതിരേൽക്കുന്ന ചടങ്ങും ഭക്തിസാന്ദ്രമായി. വാമനരൂപത്തിൽ എഴുന്നള്ളി ഭഗവാൻ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങിനു നൂറുകണക്കിനു ഭക്തർ സാക്ഷിയായി.

എതിരേൽപ് ചടങ്ങുകൾക്കു ശേഷം ഭക്തർക്കായി ഒരുക്കിയ തിരുവോണ സദ്യ കാൽലക്ഷത്തോളം പേർ ഉണ്ടു. 16 വിഭവങ്ങളോടെയുള്ള ഓണസദ്യ ഉണ്ണാൻ മന്ത്രി പി.രാജീവ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമാ തോമസ് എംഎൽഎ, നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാ‍‍ടൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും എത്തിയിരുന്നു. കളമശേരി നഗരസഭയുടെ സഹകരണത്തോടെ ഒരുക്കിയ തിരുവോണ സദ്യ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിനു സമാപനം കുറിച്ച് ന‌ടന്ന ആറാട്ടെഴുന്നള്ളിപ്പ്.
തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിനു സമാപനം കുറിച്ച് ന‌ടന്ന ആറാട്ടെഴുന്നള്ളിപ്പ്.

രാവിലെ 10.30ന് ആരംഭിച്ച തിരുവോണ സദ്യ തിരക്കു വൈകിട്ട് 5 മണിവരെ നീണ്ടു. ൈവകിട്ട് 4.30ന് ക്ഷേത്രം തന്ത്രി ഹരിനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തിരുവോണ ഉത്സവത്തിനു കൊടിയിറക്കി, തുടർന്ന് 9 ഗജവീരന്മാർ അണിനിരന്ന ആറാട്ടെഴുന്നള്ളിപ്പ് നടന്നു. കർപ്പൂര ദീപക്കാഴ്ചയോടെയും ആകാശ വിസ്മയമൊരുക്കിയ വെടിക്കെട്ടോടെയും ഈ വർഷത്തെ തിരുവോണ ഉത്സവം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com