ഹരിത കർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് റോഡരികിൽ
Mail This Article
പിറവം∙ ഹരിത കർമ സേന നഗരസഭാ പരിധിയിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ നിറച്ചു റോഡരികിൽ കൂട്ടുന്നു. പ്ലാസ്റ്റിക് മാലിന്യം കണ്ണീറ്റുമലയിലെ കേന്ദ്രത്തിൽ എത്തിച്ചു ക്ലീൻ കേരള കമ്പനിക്കു നൽകുകയാണ് പതിവ്. എന്നാൽ ക്ലീൻ കേരള കമ്പനി മാലിന്യം ഏറ്റെടുക്കുന്നതു മെല്ലെപ്പോക്കിലായതോടെയാണു മാലിന്യ നീക്കവും ഇഴഞ്ഞു നീങ്ങുന്നത്. കണ്ണീറ്റുമലയിലെ സംഭരണ കേന്ദ്രത്തിൽ സ്ഥലം ഇല്ലെന്നാണു പറയപ്പെടുന്നത്. ഇല്ലിക്കമുക്കട, പാഴൂർ, ഫാത്തിമമാതാ സ്കൂൾ പരിസരം എന്നീ സ്ഥലങ്ങളിലും ചാക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം.
നഗരസഭാ പരിധിയിൽ നിന്നു നഗരസഭയിലെ ശുചീകരണ വിഭാഗം ശേഖരിക്കുന്ന മാലിന്യം കണ്ണീറ്റുമലയിലെ പ്ലാന്റിൽ എത്തിച്ചു സംസ്കരിക്കുന്നുണ്ട്. ഹരിത കർമ സേന സംഭരിക്കുന്ന മാലിന്യങ്ങൾ സംഭരിക്കുന്നതു വെല്ലുവിളിയായതോടെ നേരത്തെ ജനവാസ മേഖലയിൽ ഇവ സൂക്ഷിക്കുന്നതിനുള്ള നീക്കം നടന്നിരുന്നു.
കോട്ടപ്പുറത്ത് നഗരസഭ അനക്സ് മന്ദിരത്തിന്റെ തറ നിലയിലും കക്കാട് കാർഷിക വിപണന കേന്ദ്രത്തിലും പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചതു നാട്ടുകാരുടെ കടുത്ത എതിർപ്പിലാണു കലാശിച്ചത്. കണ്ണീറ്റുമലയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു പുതിയ കെട്ടിടം നിർമിക്കുമെന്നു നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ് പറഞ്ഞു. എസ്റ്റിമേറ്റ് തയാറായി.നിർമാണം പൂർത്തിയാകുന്നതോടെ പരാതി പരിഹരിക്കാനാകും.