ADVERTISEMENT

കാക്കനാട്∙ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന 19ന് ആരംഭിക്കും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) നിന്നുള്ള പത്തംഗം വിദഗ്ധരാണു യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനെത്തുന്നത്. ഒരു മാസം നീളും. 3,294 കൺട്രോൾ യൂണിറ്റുകളും 3,684 ബാലറ്റ് യൂണിറ്റുകളും 3,800 വിവിപാറ്റുകളുമാണു പരിശോധിക്കുക. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ തന്നെയാകും ലോക്സഭ തിരഞ്ഞെടുപ്പിലും ഉപയോഗിക്കുക. ഇവയുടെ പരിശോധനയ്ക്കായി കലക്ടറേറ്റിലെ ഇലക്‌ഷൻ ഗോഡൗണിൽ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന സൂചനകളുള്ളതിനാലാണു നടപടികൾ വേഗത്തിലാക്കുന്നത്. സാധാരണ നിലയിൽ ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ വിജ്ഞാപനം പുറപ്പെടുവിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലാണു തിരഞ്ഞെടുപ്പു പൂർത്തിയാക്കേണ്ടത്. ഇതിനു പകരം ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന പ്രചാരണം ദേശീയ തലത്തിൽ തന്നെയുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പോളിങ് ബൂത്തുകളുടെ പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു.

നൂറ്റൻപതോളം ബൂത്തുകൾ പുതിയ സ്ഥലത്തേക്കു മാറ്റും. നിലവിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ മറ്റ് അസൗകര്യങ്ങൾ കണ്ടെത്തുകയോ െചയ്ത ഇടങ്ങളിലെ ബൂത്തുകളാണു മാറ്റുന്നത്. എറണാകുളം ലോക്സഭാ മണ്ഡലം പൂർണമായും ചാലക്കുടി, ഇടുക്കി, കോട്ടയം ലോക്സഭാ മണ്ഡലങ്ങൾ ഭാഗികമായുമാണു ജില്ലയിലുള്ളത്. എറണാകുളം, ചാലക്കുടി വരണാധികാരി എറണാകുളം കലക്ടറാണ്. വോട്ടർ പട്ടിക പരിഷ്കരിക്കും. അടുത്ത വർഷം ജനുവരി ഒന്നിന് 18 തികയുന്നവരെ കൂടി ഉൾപ്പെടുത്തിയാകും വോട്ടർ പട്ടിക പുതുക്കുക.  

 നിരീക്ഷിക്കാം

ലോക്സഭ തിരഞ്ഞെടുപ്പിനായി വോട്ടിങ് യന്ത്രങ്ങൾ സജ്ജമാക്കുന്ന പ്രക്രിയ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു മുഴുവൻ സമയവും നിരീക്ഷിക്കാം. എല്ലാ ദിവസവും പ്രതിനിധികളെ അയയ്ക്കണമെന്നു നിർദേശിച്ച് രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതൃത്വത്തിനു കലക്ടർ എൻ.എസ്.കെ. ഉമേഷ് കത്തു നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനുണ്ടായിരുന്ന തിനേക്കാൾ 1,607 പോളിങ് ബൂത്തുകൾ ലോക്സഭ തിരഞ്ഞെടുപ്പിൽ കുറയും.

1,000 വോട്ടർമാർക്ക് ഒരു ബൂത്ത് എന്നതായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ കണക്ക്. ജില്ലയിൽ 3,899 ബൂത്തുകൾ അന്നു ക്രമീകരിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ 1,500 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന വിധത്തിൽ ക്രമീകരിക്കാനാണു സാധ്യത. ഇതനുസരിച്ചാണു ബൂത്തുകളുടെ എണ്ണം 2,292 ആയി കുറയുന്നത്. കോവിഡിനു തൊട്ടു പിന്നാലെ വന്ന തിരഞ്ഞെടുപ്പായതിനാലാണു നിയമസഭ തിരഞ്ഞെടുപ്പിൽ 1,000 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്തെന്ന രീതിയിൽ ക്രമീകരിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com