അപകടരഹിത മീൻപിടിത്തത്തിനായി കർശന നിയമം കൊണ്ടുവരും: മന്ത്രി സജി ചെറിയാൻ
Mail This Article
എളങ്കുന്നപ്പുഴ∙ അപകടരഹിത മീൻപിടിത്തത്തിനായി കർശന നിയമം കൊണ്ടു വരുമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുനമ്പം അഴിമുഖത്ത് ഫൈബർ വള്ളം മുങ്ങി കാണാതായ 3 മത്സ്യത്തൊഴിലാളികളുടെ വീടുകൾ എളങ്കുന്നപ്പുഴ ചാപ്പകടപ്പുറത്ത് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറെപ്പുരയ്ക്കൽ ഷാജി (താഹ-52), കൊല്ലം പറമ്പിൽ ശരത് (അപ്പു -24),ചേപ്പളത്ത് മോഹനൻ (55) എന്നിവരുടെ വീടുകളിലെത്തി മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അപകടത്തിൽ നിന്നു രക്ഷപ്പെട്ട പാലിശേരി മണിയൻ (47), കൊടിയൻ ബൈജു (42) എന്നിവരെയും വീട്ടിലെത്തി കണ്ടു.
മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്കു അടിയന്തര സഹായമായി 10,000 രൂപ വീതം നൽകിയെന്നു മന്ത്രി പറഞ്ഞു. 4 പേരും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഇൻഷുറൻസ് പദ്ധതിയിലുള്ളതിനാൽ 10 ലക്ഷം രൂപ വീതം ലഭിക്കും. മത്സ്യഫെഡ് ഇൻഷുറൻസിൽ ഒരാളാണുള്ളത്. ഈ കുടുംബത്തിനു അതിൽ നിന്നും 10 ലക്ഷം രൂപ കൂടി ലഭിക്കും. നിർധന കുടുംബങ്ങളിൽപെട്ടവരാണു മരിച്ചത്. ഇവരെ സഹായിക്കാൻ എന്തു ചെയ്യാമെന്നു സർക്കാരുമായി ആലോചിക്കും. ഇവരുടെ അവസ്ഥ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകാൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്കു നിർദേശം നൽകി. അപകട ഹിത മീൻപിടിത്തത്തിനായി 50,000 ലൈഫ് ജാക്കറ്റ് വിതരണം ചെയ്തിരുന്നു.
പക്ഷേ, ആരും ധരിക്കുന്നില്ല. മത്സ്യഫെഡ് ഇൻഷുറൻസിൽ 500 രൂപ നൽകി ചേരാനും തയാറാകുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്താൻ പല തവണ തൊഴിലാളി യൂണിയനുകളുടെ യോഗം ചേർന്നു തീരുമാനിച്ചിരുന്നു. എന്നിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണു കർശന നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ, സിപിഎം വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വൈപ്പിൻ ഏരിയ സെക്രട്ടറി എ.കെ.ശശി, കടലോര ജാഗ്രതാസമിതി കൺവീനർ പി.കെ.ബാബു, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.ബെൻസൻ, അസിസ്റ്റന്റ് ഡയറക്ടർ പി.അനീഷ് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.