ബൊമ്മക്കൊലു ആരാധന ആരംഭിച്ചു
Mail This Article
കാലടി∙ ആദിശങ്കര കീർത്തി സ്തംഭ മണ്ഡപത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ആരാധന ആരംഭിച്ചു.ശ്രീശങ്കര പാദുക പ്രതിഷ്ഠയ്ക്കു സമീപം പല രൂപത്തിലും നിറത്തിലും ഭാവത്തിലുമുള്ള അനേകം ബൊമ്മകൾ പല തട്ടുകളിലായി നിരത്തി വച്ചിരിക്കുകയാണ്. നവരാത്രി ആഘോഷം നടക്കുന്ന 10 ദിവസവും രാവിലെയും വൈകിട്ടും ബൊമ്മകൾക്കു വിശേഷാൽ പൂജകൾ നടത്തും.
ബൊമ്മകൾ ദേവിക്ക് വളരെ പ്രിയങ്കരമാണെന്നാണ് വിശ്വാസം. അതിനാലാണ് ദേവിയെ വിവിധ രൂപത്തിലും ഭാവത്തിലും ആരാധിക്കുന്ന നവരാത്രി ആഘോഷ വേളയിൽ ബൊമ്മക്കൊലു ആരാധനയ്ക്കും പ്രാധാന്യം നൽകുന്നത്. ദേവീ മാഹാത്മ്യ സ്തോത്രങ്ങളാൽ മുഖരിതമായ നവരാത്രി ആഘോഷ ദിനങ്ങളിൽ ബൊമ്മക്കൊലു ആരാധന ഐശ്വര്യപ്രദമായി കരുതുന്നു.
സമീപ ക്ഷേത്രങ്ങളിലൊന്നും ബൊമ്മക്കൊലു ആരാധന ഇല്ലാത്തതിനാൽ ഇവിടെ ധാരാളം ഭക്തർ എത്തുന്നു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഇവിടെ ദിവസവും വിവിധ വൈദിക കർമങ്ങളും വൈകിട്ട് സാംസ്കാരിക പരിപാടികളും നടക്കുന്നു. ഇന്നലെ പ്രത്യേകമായി ചണ്ഡിക ഹോമം, കന്യക പൂജ, സുഹാസിനി പൂജ, ബ്രഹ്മചാരി പൂജ എന്നിവ നടന്നു.