ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂക്ഷം
Mail This Article
നെടുമ്പാശേരി ∙ ശക്തമായ മഴയിൽ പാറക്കടവ്-അന്നമനട റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇത് സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ ദുരിതമാണ് നൽകുന്നത്. പാറക്കടവ് എസ്എൻഡിപി ശാഖ മന്ദിരത്തിന് സമീപമാണ് വലിയ വെളളക്കെട്ട് . ചെറിയ മഴ പെയ്താൽപ്പോലും റോഡ് വെള്ളത്തിൽ മുങ്ങും. റോഡിന്റെ ഇരു വശത്തും കാനകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ വെളളം പോലും കാനയിലൂടെ ഒഴുകുന്നില്ല. കാന നിറയെ മണ്ണും മാലിന്യവും അടിഞ്ഞു കൂടിയിരിക്കുകയാണ്. കാന വൃത്തിയാക്കി റോഡിലെ വെളളക്കെട്ട് മാറ്റാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി അങ്കമാലി മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ് ആവശ്യപ്പെട്ടു.
വെള്ളത്തിൽ മുങ്ങി പഴയ മാർക്കറ്റ് റോഡ്
അങ്കമാലി ∙ പഴയ മാർക്കറ്റ് റോഡ് വെള്ളത്തിൽ മുങ്ങി. കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറി. കയർ കെട്ടി ഗതാഗതം തടഞ്ഞു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണു മഴ കനത്തത്. ഒരു മണിക്കൂർ നീണ്ടുനിന്നു. വെളളം പൊങ്ങിയതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലേക്കു വന്നവർ വെള്ളക്കെട്ടിൽ അകപ്പെട്ടു.. മഴ മാറിയതോടെ റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കും ഉണ്ടായി. കുറച്ചുദിവസം മുൻപും റോഡിൽ വെള്ളം പൊങ്ങിയിരുന്നു.
അങ്കമാലി ∙ കനത്ത മഴയിൽ ദേശീയപാതയും ക്യാംപ് ഷെഡും സംഗമിക്കുന്ന അങ്ങാടിക്കടവ് ജംക്‌ഷനിൽ വൻവെള്ളക്കെട്ട്. ഇവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും മറ്റും വെള്ളത്തിൽ മുങ്ങി. 7 ബൈക്കുകൾക്കു നാശമുണ്ടായി. ക്യാംപ് ഷെഡ് റോഡിൽ നിന്നു ദേശീയപാതയിലേക്കും തിരികെയുമുള്ള ഗതാഗതം മുടങ്ങി. ജംക്‌ഷനിൽ നിന്നു വെള്ളം ദേശീയപാതയിലേക്കും കയറിയതോടെ ഗതാഗതതടസ്സമുണ്ടായി. വെള്ളക്കെട്ടിനെ തുടർന്നു ദേശീയപാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി.
റോഡരികിലെ കാനയിലൂടെ നീരൊഴുക്ക് സുഗമമല്ല. സ്ലാബുകൾ തകർന്നു വീണു കാന പൂർണമായി അടഞ്ഞിരിക്കുകയാണ്.മഴയ്ക്കു മുൻപു തന്നെ ബന്ധപ്പെട്ട അധികൃതർക്കു നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളും എടുത്തില്ല. അങ്ങാടിക്കടവ് ജംക്‌ഷൻ മുതൽ കോതകുളങ്ങര വരെയുളള അരകിലോമീറ്ററോളം ഭാഗത്ത് വിവിധയിടങ്ങളിൽ കാന തകർന്നു കിടക്കുകയാണ്.