രക്ഷാപ്രവർത്തനം ആര് നടത്തുമെന്ന് തർക്കം; വാഹനമിടിച്ച് പോത്തുകൾ 8 മണിക്കൂർ വഴിയിൽ കിടന്നു
Mail This Article
കളമശേരി ∙ സീപോർട്–എയർപോർട് റോഡിൽ വാഹനമിടിച്ച് വഴിയിൽ മൃതപ്രായരായി കിടന്ന 2 പോത്തുകളുടെ രക്ഷാ പ്രവർത്തനം ആരു നടത്തും, എങ്ങനെ നടത്തുമെന്നു മണിക്കൂറുകൾ നീണ്ട തർക്കം. 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പൊലീസും നഗരസഭയും സംയുക്തമായി ഇടപെട്ടു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ധ്യാൻ ഫൗണ്ടേഷന് അവയെ കൈമാറി. അതുവരെ മൃഗസ്നേഹികൾ കൊടുത്ത വെള്ളം കുടിച്ച് അവ വഴിയരികിൽ കിടന്നു. രാവിലെ 5.30നാണു വാനിടിച്ച് പോത്തുകൾ വഴിയിൽ വീണത്.
വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. റോഡിനു കുറുകെ ചാടിയ 3 പോത്തുകളിൽ 2 എണ്ണത്തിനാണ് ഇടിയേറ്റത്. ഒരെണ്ണത്തിന്റെ നട്ടെല്ലും മറ്റൊന്നിന്റെ കഴുത്തും ഒടിഞ്ഞ നിലയിലായിരുന്നു. ആരോ വളർത്തുന്ന പോത്തുകളാണെന്നു വ്യക്തമായിരുന്നുവെങ്കിലും അപകടത്തിൽ പെട്ടതോടെ ഉടമസ്ഥർ ആരും എത്തിയില്ല. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവയെ വഴിയരികിലേക്കു മാറ്റിക്കിടത്തിയത്. മണിക്കൂറുകൾ പിന്നിട്ടപ്പോൾ നഗരസഭയുടെ നിർദേശപ്രകാരം വെറ്ററിനറി ഡോക്ടർ എത്തി പരിശോധിച്ചു. ഇവ എഴുന്നേൽക്കില്ലെന്നു വിധിയെഴുതി.
വേദനാസംഹാരി കുത്തിവച്ചു മടങ്ങി. ഇവയെ കങ്ങരപ്പടിയിലുള്ള നഗരസഭയുടെ കന്നുകാലി പൗണ്ടിലേക്കു മാറ്റാനൊ ആവശ്യമായ ചികിത്സ ലഭ്യമാക്കാനൊ നഗരസഭയുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല. പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും പൊലീസിന്റെ വിലക്കിനെത്തുടർന്ന് അവരും പിൻവാങ്ങി. ഉടമകളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവും വിജയിച്ചില്ല.
മിണ്ടാപ്രാണികളോടുള്ള അവഗണനയ്ക്കെതിരെ വിമർശനം ശക്തമായതോടെ നഗരസഭ കൊച്ചിയിലുള്ള അനിമൽ റസ്ക്യൂ ടീമായ ധ്യാൻ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെ അവരെത്തി യന്ത്രസഹായത്തോടെ അവയെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മട്ടാഞ്ചേരിയിലെ ഗോശാലയിലെത്തിച്ച പോത്തുകൾക്കു പ്രാഥമിക ചികിത്സ നൽകിയെന്നും പരുക്കു ഗുരുതരമാണെന്നും ധ്യാൻ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.