ADVERTISEMENT

കാക്കനാട്∙ ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ കെട്ടിടങ്ങളുള്ളത് തൃക്കാക്കര നഗരസഭ പരിധിയിലാണ്. ഇവയിൽ പലതും കെട്ടിട നികുതി അടക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തി. കെട്ടിട നികുതി കുടിശികയുള്ള വകുപ്പുകൾക്കെല്ലാം നോട്ടിസ് അയക്കാനാണ് നഗരസഭയുടെ തീരുമാനം. ജില്ലാ വ്യവസായ കേന്ദ്രം 6,15,429 രൂപ കെട്ടിട നികുതി അടയ്ക്കാനുണ്ട്. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫിസിന്റെ നികുതി കുടിശിക 13 ലക്ഷം രൂപയാണ്.

കാക്കനാട്ട് പ്രവർത്തിക്കുന്ന ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മന്ദിരത്തിന്റെ നികുതി കുടിശിക 7.5 ലക്ഷമാണ്. ജില്ലാ വനിതാ ശിശു വികസന ഓഫിസ് കെട്ടിടം 1.25 ലക്ഷം നികുതി അടയ്ക്കാനുണ്ട്. റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഒരു ലക്ഷം രൂപയും ഭൂഗർഭ വകുപ്പ് 17 ലക്ഷം രൂപയും തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസ് 4 ലക്ഷം രൂപയും ജില്ലാ സഹകരണ ബാങ്ക് 1.08 കോടിയും ഡ്രഗ്സ് കൺട്രോളർ ഓഫിസ് 23 ലക്ഷം രൂപയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ 6.5 ലക്ഷവും നിർമിതി കേന്ദ്രം 21 ലക്ഷം രൂപയും ഗവ.പ്രസ് 16 ലക്ഷം രൂപയും കെട്ടിട നികുതി അടക്കാനുണ്ട്.

നികുതി പിരിക്കുന്നതിലെ അലംഭാവം മൂലം തൃക്കാക്കര നഗരസഭയുടെ വരുമാനം ഇടിയുന്നതായി വാർഡ് അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. 23 കോടി രൂപ കെട്ടിട നികുതിയിനത്തിൽ കുടിശികയുണ്ടെന്നാണ് ആദ്യഘട്ടം കണക്ക്. 50,000 രൂപയിൽ കൂടുതൽ ഗാർഹിക കെട്ടിട നികുതി കുടിശികയുള്ള 250 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളും. നടപ്പു സാമ്പത്തിക വർഷം 135 കോടി രൂപയുടെ പദ്ധതികളാണ് നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വരുമാനം സമാഹരിക്കാനായില്ലെങ്കിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ആശങ്ക. നികുതി പിരിവ് ശക്തമാക്കാൻ ആവശ്യമായ ജീവനക്കാരില്ലാത്തതും നഗരസഭയെ പ്രതിസന്ധിയിലാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com