ബത്‌ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ്
Mail This Article
മുളന്തുരുത്തി ∙ വാട്സാപ് കൂട്ടായ്മയായ ടീം മുളന്തുരുത്തിയുടെ കൂട്ടായ പരിശ്രമത്തിൽ അശരണരായ വയോധികരെ സംരക്ഷിക്കുന്ന പൈനുങ്കൽപാറ ബത്‌ലഹം ജറിയാട്രിക് കെയർ ഹോമിന് ആംബുലൻസ് സ്വന്തം. ആരും നോക്കാനില്ലാത്ത വയോധികരെ സംരക്ഷിക്കുന്ന കെയർ ഹോമിലേക്ക് അടിയന്തര സാഹചര്യങ്ങൾക്ക് ആംബുലൻസ് വാങ്ങാൻ സഹായം അഭ്യർഥിച്ചു കെയർ ഹോം മാനേജിങ് ട്രസ്റ്റി ഫാ. അനിൽ മൂക്കനോട്ടിൽ മാസങ്ങൾക്കു മുൻപാണു സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടത്.
രണ്ടര ലക്ഷത്തോളം രൂപ വിവിധ ഇടങ്ങളിൽ നിന്നു ലഭിച്ചിരുന്നെങ്കിലും ആംബുലൻസ് എന്ന സ്വപ്നം എങ്ങുമെത്താതെ നിൽക്കെയാണു നാട്ടുകാരുടെ വാട്സാപ് കൂട്ടായ്മയായ ’ടീം മുളന്തുരുത്തി’ ഉദ്യമം ഏറ്റെടുത്തത്. ഗ്രൂപ്പ് അംഗങ്ങൾ കഴിയുന്നവിധം സഹകരിച്ചതോടെ ചുരുങ്ങി നാളുകൾക്കുള്ളിൽ 4.59 ലക്ഷം രൂപയാണ് ആംബുലൻസ് ഫണ്ടിലേക്ക് ലഭിച്ചത്. ബാക്കി തുക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സമാഹരിച്ചു നൽകുമെന്നു ഉറപ്പു നൽകിയതോടെയാണ് 67 കിടപ്പുരോഗികൾ അടക്കം 88 അന്തേവാസികൾ ഉള്ള ഹോമിന്റെ ആംബുലൻസ് എന്ന സ്വപ്നം യാഥാർഥ്യമായത്.
പള്ളിത്താഴം ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ എൻ.എസ്.കെ.ഉമേഷ് ആംബുലൻസിന്റെ താക്കോൽ കൈമാറും. 2018ൽ പ്രളയ കാലത്ത് ആരംഭിച്ച വാട്സാപ് ഗ്രൂപ്പിൽ നിലവിൽ 724 അംഗങ്ങളാണുള്ളത്. പ്രളയ സമയത്തും കോവിഡ് കാലത്തും സഹായഹസ്തവുമായി സജീവമായിരുന്ന ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നാടിനാകെ മാതൃകയാണ്.