തമ്മാനിമറ്റം പാടശേഖരത്തിന് സമീപം അപകടങ്ങൾ പെരുകി
Mail This Article
കോലഞ്ചേരി ∙ കുടുംബനാട് - കോലഞ്ചേരി റോഡിൽ തമ്മാനിമറ്റം പാടശേഖരത്തിനു സമീപം അപകടങ്ങൾ പെരുകി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിർമാണ സമയത്ത് വളവുകൾ നേരെ ആക്കാത്തതാണ് അപകടങ്ങൾക്കു പ്രധാന കാരണം. കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര സ്വദേശികൾ കാറിൽ കല്യാണ വീട്ടിലേക്ക് പോകുമ്പോൾ സംരക്ഷണ ഭിത്തിയില്ലാത്ത റോഡിൽ നിന്ന് തെന്നിമാറി ചതുപ്പിൽ പതിച്ചു. വണ്ടിയിൽ ഉണ്ടായിരുന്ന 4 യാത്രക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പാടശേഖരത്തോടു ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി വേണമെന്ന ആവശ്യം റോഡ് പുനർ നിർമാണ ഘട്ടത്തിൽ അവഗണിക്കുകയായിരുന്നു. പുഴയുടെ ഭാഗത്തു മാത്രമാണ് സംരക്ഷണ ഭിത്തി ഉള്ളത്. ഒരു മാസം മുൻപ് പാലയ്ക്കാമറ്റം റോഡ് സംഗമിക്കുന്ന ഭാഗത്ത് കാർ നിയന്ത്രണം വിട്ട് മുറ്റത്തേക്ക് പതിച്ചിരുന്നു. ലോറികൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിവസവും പോകുന്ന ഈ വഴിയിൽ സൂചനാ ബോർഡുകൾ ഇല്ല. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ച് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 3 വർഷം മുൻപ് ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡാണിത്.