മെട്രോ: 378.57 കോടി അനുവദിച്ചെന്ന് ധനവകുപ്പ്, ലഭിക്കുക 24 കോടി
Mail This Article
കൊച്ചി ∙ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള പദ്ധതിയുടെ പുതുക്കിയ അടങ്കലിനു ഭരണാനുമതി നൽകുന്നതിനാണു പണം അനുവദിച്ചതെന്നു അറിയിപ്പിൽ പറയുന്നു. 11.8 കിലോമീറ്ററാണു രണ്ടാംഘട്ടം. 378.57 കോടി രൂപയിൽ 354.54 കോടി രൂപ നേരത്തേതന്നെ അനുവദിച്ചതായതിനാൽ പുതുതായി 24 കോടി മാത്രമാണു ലഭിക്കുക. കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജംക്‌ഷൻ വരെയുള്ള സ്ഥലമെടുപ്പിന് ഇൗ പണം ഉപയോഗിക്കും.
കലൂർ സ്റ്റേഡിയം സ്റ്റേഷൻ മുതൽ പാലാരിവട്ടം വരെ സ്ഥലമെടുക്കാൻ 24 കോടി രൂപ കൂടി അനുവദിക്കണമെന്നു കെഎംആർഎലും ജില്ലാ ഭരണകൂടവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇൗ തുകയാണ് പുതുതായി അനുവദിച്ചത്. 1957 കോടി രൂപ നിർമാണ ചെലവുവരുന്ന കലൂർ–കാക്കനാട് പിങ്ക് ലൈനിന് 555 കോടി രൂപയാണു സംസ്ഥാന സർക്കാർ വിഹിതം. കേന്ദ്ര വിഹിതമായി 338.75 കോടി രൂപയും 1018 കോടി രൂപ വായ്പയും 46.88 കോടി പൊതുസ്വകാര്യ പങ്കാളിത്തവുമാണ്.
വിദേശ വായ്പയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഇതുവരെ വായ്പാ കരാർ ഒപ്പിടാത്തതിനാൽ മെട്രോ രണ്ടാം ഘട്ട നിർമാണം വേഗത്തിലായിട്ടില്ല. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ബാങ്കാണു വായ്പ നൽകാമെന്നേറ്റത്. സാമൂഹികാഘാത പഠന റിപ്പോർട്ട് കൂടി ലഭിച്ചിട്ടേ വായ്പാ കരാർ ഒപ്പിടാനാവൂ എന്നാണു ബാങ്ക് അറിയിച്ചിരിക്കുന്നത്. വായ്പയുടെ കാര്യത്തിൽ അനിശ്ചിതത്വം മൂലം സിവിൽ നിർമാണത്തിനുള്ള ടെൻഡറിന്റെ കാര്യത്തിലും കെഎംആർഎൽ മെല്ലെപ്പോക്കിലാണ്.