കുമ്പളം ക്യാമറ വലയത്തിൽ
Mail This Article
പനങ്ങാട് ∙ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 7.87 ലക്ഷം രൂപയും കുമ്പളം പഞ്ചായത്തിന്റെ 10.78 ലക്ഷം രൂപയും ഉൾപ്പെടെ 18.65 ലക്ഷം രൂപയുടെ സംയുക്ത പദ്ധതിയിൽ 36 ക്യാമറകളാണ് ഉള്ളത്.
സിറ്റി പൊലീസിന്റെ നിർദേശത്തോടെ എല്ലാ വാർഡുകളിലേയും പ്രധാന കേന്ദ്രങ്ങളിലും ക്യാമറ ഉണ്ടാകും. കെഎസ്ഇബിയുടെ പോസ്റ്റുകളിൽ പ്രത്യേക അനുമതിയോടെ സ്ഥാപിക്കുന്ന ക്യാമറയ്ക്ക് ആവശ്യമായ വൈദ്യുതി തൊട്ടടുത്ത വീടുകളും സ്ഥാപനങ്ങളുമാണു നൽകുന്നത്. രാത്രി ദൃശ്യം വ്യക്തതയോടെ രേഖപ്പെടുത്താൻ തക്ക ഗുണനിലവാരമുള്ള ക്യാമറകളാണ്.
കേബിൾ വലിക്കുന്നതിന് കുമ്പളത്തെയും പനങ്ങാട്ടെയും സ്വകാര്യ കേബിൾ ടിവി നടത്തിപ്പുകാരുടെ സഹകരണവും ഉണ്ട്. പഞ്ചായത്ത് ഓഫിസ്, പനങ്ങാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ സെർവറുകളുമായി ബന്ധിച്ചാണു പ്രവർത്തനമെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. യോഗത്തിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് വർക്കി അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷൻ എം.എം. ഫൈസൽ, പഞ്ചായത്ത് അംഗം എ.കെ. സജീവൻ, പനങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, പനങ്ങാട് സോണൽ റസിഡന്റ്സ് അസോസിയേഷൻ കമ്മിറ്റി പ്രസിഡന്റ് വി.പി.പങ്കജാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കാർമിലി, പഞ്ചായത്ത് അംഗം പി.എ. ഇസ്മായിൽ(മാലിക്) എന്നിവർ പ്രസംഗിച്ചു.