തൃക്കാക്കരയിലെ ഭക്ഷ്യക്കിറ്റ് വിവാദം; ഫയൽ മുങ്ങി
Mail This Article
കാക്കനാട്∙ കോവിഡ് കാലത്തു തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ഫയൽ നഗരസഭയിൽ നിന്ന് അപ്രത്യക്ഷമായി. പലതവണ ആവശ്യപ്പെട്ടിട്ടും ഫയൽ ഹാജരാക്കാത്ത നഗരസഭയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. മുഴുവൻ ക്ലർക്കുമാർക്കും സെർച്ച് മെമ്മോ (തിരച്ചിൽ നോട്ടിസ്) നൽകാനാണ് നഗരസഭാധികൃതരുടെ തീരുമാനം. ഇതിനു ശേഷവും ഫയൽ കണ്ടെത്താനാകുന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകും. ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ക്വട്ടേഷനും പർച്ചേസ് ഓർഡറും ചെക്ക് കൈമാറ്റ രേഖകളും ഉൾപ്പെടുന്ന ഫയലാണ് നഗരസഭയിൽ നിന്ന് കാണാതായത്.
പലതവണ തിരഞ്ഞിട്ടും ഫയൽ ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട ക്ലാർക്ക് വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. 40 ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റ് ഇടപാടിൽ 4 ലക്ഷം രൂപയുടെ ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ വിജിലൻസിൽ പരാതി നൽകിയത്. ക്വട്ടേഷനിൽ തിരിമറി നടത്തി ഇഷ്ടപ്പെട്ട സ്വകാര്യ സ്ഥാപനത്തിൽ നിന്നു വൻ തുകയ്ക്കുള്ള ഭക്ഷ്യക്കിറ്റുകൾ വാങ്ങിയെന്നാണ് ആക്ഷേപം. ലോഡ് ഇറക്കും മുമ്പേ 40 ലക്ഷം രൂപയും സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിൽ ദൂരൂഹതയുണ്ട്. കമ്മിഷനു പുറമേ 3 ലക്ഷം രൂപയുടെ പർച്ചേസ് കൂപ്പൺ (ഗിഫ്റ്റ് കൂപ്പൺ) ലഭിച്ചിട്ടുണ്ടെന്ന സംശയവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.
പണക്കിഴി വിവാദത്തിൽ കൗൺസിലർമാരുടെ മൊഴി രേഖപ്പെടുത്തി
തൃക്കാക്കര നഗരസഭാധ്യക്ഷയായിരുന്ന അജിത തങ്കപ്പനെതിരെയുള്ള പണക്കിഴി വിവാദത്തിൽ ഏതാനും കൗൺസിലർമാരുടെ മൊഴി വിജിലൻസ് ഇന്നലെ രേഖപ്പെടുത്തി. ഇന്നും കൗൺസിലർമാരോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഓണക്കാലത്ത് കൗൺസിലർമാർക്ക് സമ്മാനമായി പണമടങ്ങിയ കവർ അധ്യക്ഷ നൽകിയെന്നാണ് ആക്ഷേപം. ഇത് പൊതു ഫണ്ട് ദുർവിനിയോഗമാണെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. വിവാദമായതോടെ പ്രതിപക്ഷ കൗൺസിലർമാരും ഏതാനും ഭരണപക്ഷ കൗൺസിലർമാരും അധ്യക്ഷക്ക് കവർ തിരികെ നൽകിയിരുന്നു. കവർ കൈമാറുന്നതിന്റെയും കവറുമായി കൗൺസിലർമാർ അധ്യക്ഷയുടെ ചേംബറിൽ നിന്ന് ഇറങ്ങി വരുന്നതിന്റെയും കവർ തിരികെ നൽകുന്നതിന്റെയും സിസി ടിവി ക്യാമറ ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസിൽ അജിത തങ്കപ്പന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.