ADVERTISEMENT

ഫോർട്ട്കൊച്ചി∙ കൈകളിൽ പൂക്കളുമായി സന്തോഷവാനായ പപ്പാഞ്ഞിയാണ് പുതുവത്സര രാവിൽ പരേഡ് മൈതാനിൽ തടിച്ചു കൂടുന്ന ആയിരങ്ങളെ എതിരേൽക്കുക. ചിത്രകാരൻ ബോണി തോമസ് വരച്ച രൂപരേഖയ്ക്ക് അനുസൃതമായി പൊന്നാരിമംഗലം സ്വദേശി ഷേബൽ ഡിസൂസയും സംഘവുമാണ് പപ്പാഞ്ഞിയുടെ നിർമാണം നടത്തുന്നത്. പോർച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. അപ്പൂപ്പൻ എന്ന് അർഥം. പ്രായമായ പോർച്ചുഗീസ് അപ്പൂപ്പനെയാണ് പപ്പാഞ്ഞിയായി അവതരിപ്പിക്കുന്നത്. ഒരു വർഷത്തോട് ഗുഡ്ബൈ പറഞ്ഞ് അടുത്ത വർഷത്തെ വരവേൽക്കുന്നതിന്റെ പ്രതീകമായി പപ്പാഞ്ഞിയെ കത്തിക്കുന്നത് കൊച്ചിക്ക് മാത്രം അവകാശപ്പെടാവുന്ന ആഘോഷമാണ്.

അധിനിവേശത്തിന്റെ ബാക്കിപത്രമായി വർഷങ്ങളായി തുടർന്നു വരുന്ന ചടങ്ങ്. കൊച്ചിയുടെ പല ഭാഗത്തും 31ന് പപ്പാഞ്ഞിമാർ നിറയും. അർധരാത്രി ഇവയെല്ലാം അഗ്നിക്കിരയാക്കി ജനം പുതുവർഷത്തെ വരവേൽക്കും. ഓഖി, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയവയെ അതിജീവിച്ച പപ്പാഞ്ഞിമാരെ മുൻപ് ഉണ്ടാക്കിയിട്ടുണ്ട്.  പല ദുരന്തങ്ങളെയും മറികടന്ന മനുഷ്യരെന്ന നിലയിലാണ് സന്തോഷവാനായ പപ്പാഞ്ഞി പൂക്കളുമായി എത്തുന്നത്.  കഴിഞ്ഞ വർഷം നിർമിച്ച പപ്പാഞ്ഞിയുടെ മുഖത്തിന് നരേന്ദ്ര മോദിയോട് സാദൃശ്യമുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് പുതിയ മുഖം സ്ഥാപിച്ചിരുന്നു. 

1800 കിലോഗ്രാം ഭാരമുണ്ട് പപ്പാഞ്ഞിയുടെ ചട്ടക്കൂടിന്. ഉയരം 80 അടി.  ഇരുമ്പ് സ്ക്വയർ ട്യൂബ്, കമ്പി, ആംഗ്ലേയർ എന്നിവ ഉപയോഗിച്ചാണ് നിർമാണം. ചട്ടക്കൂടിന് മുകളിൽ ചാക്ക് പൊതി‍ഞ്ഞ് അതിന്റെ പുറത്ത് തുണി പൊതിയും. ചാക്ക് പൊതിയുന്ന ജോലി പൂർത്തിയായി. ചട്ടക്കൂടിനുള്ളിൽ വൈക്കോൽ നിറയ്ക്കും. പടക്കം ഉൾപ്പടെയുള്ള സ്ഫോടക വസ്തുക്കളൊന്നും ഉപയോഗിക്കില്ല.  നീല, ഇളം പച്ച നിറത്തിലൂള്ള വസ്ത്രമായിരിക്കും പപ്പാഞ്ഞിയെ ധരിപ്പിക്കുക.

നാളെ രാവിലെ പപ്പാഞ്ഞിയെ ഉയർത്തി സ്ഥാപിക്കുമെന്ന് നിർമാണത്തിന് നേതൃത്വം നൽകുന്ന ഷേബൽ‍ ഡിസൂസ പറഞ്ഞു.  ഗോഡ്സൻ എൻജിനീയറിങ് സ്ഥാപനത്തിലാണ് പപ്പാഞ്ഞിയുടെ ചട്ടക്കൂട് തയാറാക്കിയത്. ഒരാഴ്ചയ്ക്ക് മുൻപ് പണി തുടങ്ങി. സഹായത്തിന് 13 തൊഴിലാളികൾ രംഗത്തുണ്ട്. 5 വർഷമായി പപ്പാഞ്ഞിയെ നിർമിക്കുന്നത് ഷേബൽ ഡിസൂസയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത്  നിർമാണ വസ്തുക്കളുടെ ചെലവ് കാർണിവൽ കമ്മിറ്റിയും നിർമാണ ചെലവ് തങ്ങളും വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com