തൃക്കാക്കരയിലെ മാലിന്യം സംസ്കരിക്കാൻ ബ്രഹ്മപുരത്ത് 5 ഏക്കർ തേടുന്നു
Mail This Article
കാക്കനാട്∙ തൃക്കാക്കരയിലെ മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റിനായി ബ്രഹ്മപുരത്തെ കൊച്ചി കോർപറേഷന്റെ സ്ഥലത്തു നിന്ന് 5 ഏക്കർ വിലയ്ക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോർപറേഷന്റെ 110 ഏക്കർ വളപ്പിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥലം അനുവദിച്ചാൽ അവിടെ പ്ലാന്റ് സ്ഥാപിക്കാമെന്ന തൃക്കാക്കര നഗരസഭയുടെ നിലപാടിനു പിന്തുണയുമായി നൂറോളം റസിഡന്റ്സ് അസോസിയേഷനുകൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയും തൃക്കാക്കര സാംസ്കാരിക കേന്ദ്രവും നവകേരള സദസ്സു വഴി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. കോർപ്പറേഷൻ വിട്ടു തരുന്ന 5 ഏക്കറിന് കലക്ടർ നിർദേശിക്കുന്ന വില നൽകാമെന്ന് നഗരസഭ നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം തൃക്കാക്കരയിൽ കണ്ടെത്താനാകാത്തതിനാലാണ് ബ്രഹ്മപുരത്ത് സ്ഥലം വേണമെന്ന ആവശ്യം ആവർത്തിക്കുന്നത്. തൃക്കാക്കരയിൽ പരിഗണിക്കപ്പെട്ട പ്രദേശങ്ങൾ ചതുപ്പാണ്. ഇവിടങ്ങളിൽ ജനരോഷവും ഉയർന്നു. അതോടെയാണ് ബ്രഹ്മപുരത്തെ കോർപ്പറേഷൻ വളപ്പിൽ നിന്ന് 5 ഏക്കർ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായത്. ബിപിസിഎല്ലിന്റെ നിർദ്ദിഷ്ട സംസ്ക്കരണ പ്ലാന്റിൽ തൃക്കാക്കര നഗരസഭാ പരിധിയിലെ മാലിന്യം കൂടി സംസ്ക്കരിക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
മാലിന്യ നീക്കം മന്ദഗതിയിൽ
തൃക്കാക്കരയിെല മാലിന്യം പൂർണമായും കൊണ്ടുപോകാൻ ഇടമില്ലാത്തതിനാൽ മാലിന്യ നീക്കം ഇപ്പോഴും മന്ദഗതിയിലാണ്. വീടുകളിൽ നിന്നും പൊതു നിരത്തുകളിൽ നിന്നും മാലിന്യ സംഭരണ കേന്ദ്രത്തിൽ കൊണ്ടുവരുന്ന മാലിന്യം കയറ്റി വിടാനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ മാസം മുതൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് ഗാർഹിക മാലിന്യം ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മാലിന്യം ഏറ്റെടുക്കാൻ ഒരു ഏജൻസിയെ കൂടി നിയോഗിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇതു നടപ്പായാൽ മാലിന്യ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.