ADVERTISEMENT

വൈപ്പിൻ ∙ കാലം തെറ്റി അപ്രതീക്ഷിതമായി പെയ്യുന്ന മഴ വൈപ്പിനിലെ ഉണക്കച്ചെമ്മീൻ വിപണിക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ  ഉണക്കാൻ നിരത്തിയിരുന്ന ചെമ്മീൻ മഴയിൽ കുതിർന്നതിനെ തുടർന്ന് പലർക്കും വൻ നഷ്ടമാണ്  ഉണ്ടായത്. ഇത്തരത്തിൽ നനയുന്ന ചെമ്മീൻ കുഴിച്ചു മൂടുകയോ കടലിൽ തള്ളുകയോ  മാത്രമാണ്  ചെയ്യാനുള്ളതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഡ്രൈയറും മറ്റു ഉപയോഗിച്ച് ഉണക്കിയെടുത്താലും രുചി വ്യത്യാസമുണ്ടാവുമെന്നതാണ് പ്രശ്നം. അതു വിപണിയിൽ തിരിച്ചടിയാകും. പതിനായിരക്കണക്കിന്  രൂപയുടെ ചെമ്മീനാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉപേക്ഷിക്കേണ്ടി വന്നത്. 

വേനൽക്കാല ചെമ്മീൻകെട്ട് സീസണിന്റെ തുടക്കത്തിൽ പ്രധാനമായും ലഭിക്കുന്നത് വലുപ്പം കുറഞ്ഞ തെള്ളിച്ചെമ്മീനായതിനാൽ ഇതിൽ ഭൂരിപക്ഷവും ഉണക്കാനാണ് ഉപയോഗിക്കുന്നത്. തീരെ വലുപ്പം കുറഞ്ഞവ പൊടിക്കാനായി കയറ്റിപ്പോകുന്നുമുണ്ട്. വൈപ്പിനിൽ  ഒട്ടേറെ കേന്ദ്രങ്ങളിൽ ഇപ്പോൾ ചെമ്മീൻ ഉണക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മിക്കയിടത്തും ഡ്രൈയറുകൾ  ഉണ്ടെങ്കിലും ചെലവു കുറക്കാൻ വെയിലിനേയും ആശ്രയിക്കുന്നു. ചെമ്മീൻ ഉണക്കാനിട്ട ശേഷം പെട്ടെന്ന് മഴ എത്തിയാൽ ഒന്നും ചെയ്യാനാവില്ലെന്നതാണ് പ്രശ്നം. 

വൈപ്പിനിൽ നിന്ന് കയറ്റിയയക്കപ്പെടുന്ന ടൺകണക്കിന് ഉണക്കച്ചെമ്മീനാണ് സംസ്‌ഥാനത്തെ മലയോരമേഖലയുടെ  മത്സ്യ ആവശ്യങ്ങളെ വലിയൊരളവു വരെ തൃപ്‌തിപ്പെടുത്തുന്നത്.  പ്രത്യേകം തയാറാക്കിയ കോൺക്രീറ്റ് തറകൾക്കു പുറമേ വീടിന്റെ ടെറസിലും വാഹനസഞ്ചാരം കാര്യമായില്ലാത്ത ടാർ റോഡിലും വരെ ചെമ്മീൻ ഉണക്കിയെടുക്കും. കിഴക്കൻ മലയോര മേഖലയാണ് പ്രധാന വിപണിയെങ്കിലും പ്രാദേശിക മാർക്കറ്റുകളിലും ഉണക്കച്ചെമ്മീന് തരക്കേടില്ലാത്ത ഡിമാൻഡുണ്ട്.

ജില്ലയിൽ വടക്കൻ പറവൂർ , കോട്ടപ്പുറം, ആലുവ എന്നിവിടങ്ങിലെ ചന്തകളിലാണ് വൻതോതിൽ ഉണക്കച്ചെമ്മീൻ വ്യാപാരം നടക്കുന്നത്. വൈപ്പിനിൽ നിന്നുള്ള ഉണക്കച്ചെമ്മീന് പല സ്‌ഥലങ്ങളിലും ഡിമാൻഡ് കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു. മുനമ്പം മേഖലയിൽനിന്നുള്ള ഉണക്കമീനും ഹൈറേഞ്ച് വിപണിയിലെ താരമാണ് .എന്നാൽ മീൻ ക്ഷാമം മൂലം ഇപ്പോൾ ചെമ്മീനാണ് ഈ മേഖലയിലേക്ക് പ്രധാനമായും എത്തുന്നതെന്നു മാത്രം. മഴക്കാല വിപണി ലക്ഷ്യമിട്ട് വൈപ്പിനിൽ വൻതോതിൽ ഉണക്കച്ചെമ്മീൻ സംഭരിക്കപ്പെടുന്നതും പതിവാണ്. എന്നാൽ കാലാവസ്ഥ മാറ്റം ഈ കണക്കു കൂട്ടലുകളെല്ലാം തെറ്റിക്കുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com