പറവൂർ താലൂക്ക് ആശുപത്രി: പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു
Mail This Article
പറവൂർ ∙ താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്നലെ രാത്രി 7 മണിയോടെ തകർന്നു വീണു. ആശുപത്രി കാന്റീനിന് സമീപത്തെ ഉപയോഗിക്കാത്ത കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തിയുമാണു തകർന്നത്. നിർത്തിയിട്ടിരുന്ന 2 സ്കൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. രാത്രിയായതിനാൽ ആളുകൾക്കു പരുക്കില്ല. പകൽ ആളുകൾ ഈ കെട്ടിടത്തിനടുത്തു നിൽക്കാറുണ്ട്. ജീർണാവസ്ഥയിലും ഉപയോഗശൂന്യവുമായ ചില കെട്ടിടങ്ങൾ ആശുപത്രിയിലുണ്ട്. ഇവ പൊളിച്ചു മാറ്റാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനമെടുത്തിട്ടു വർഷങ്ങളായി.
തുടർനടപടി സ്വീകരിക്കുന്നതിൽ സ്ഥലം എംഎൽഎയായ പ്രതിപക്ഷനേതാവും ആശുപത്രിയുടെ നിർവഹണ ചുമതലയുള്ള നഗരസഭയും കാലതാമസം വരുത്തുന്നുണ്ടെന്നു നഗരസഭ പ്രതിപക്ഷകക്ഷി നേതാവ് ടി.വി.നിഥിൻ ആരോപിച്ചു. സംഭവത്തെ തുടർന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി.കെട്ടിടം ഉപയോഗപ്രദമല്ലെന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും ലേലം ചെയ്യാനായി കെട്ടിടത്തിന്റെ വാല്വവേഷൻ എടുത്തു തരണമെന്നും ആവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കു കത്തു നൽകിയിരുന്നെന്നു നഗരസഭാധികൃതർ പറഞ്ഞു.