കീഴ്മാട് സർക്കുലർ റോഡ് ഗതാഗതക്കുരുക്കിലായി
Mail This Article
ആലുവ∙ കുട്ടമശേരി കീഴ്മാട് സർക്കുലർ റോഡ് വീണ്ടും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. റോഡരികിൽ നിറയെ വാഹനങ്ങൾ കിടന്നതു മൂലം കാൽനടയാത്ര പോലും പ്രയാസമായി. യുപിഎസ്‌സിയുടേത് അടക്കം ഒട്ടേറെ പരീക്ഷകൾ നടക്കുന്ന കീഴ്മാട് കുന്നുംപുറത്തെ സ്വകാര്യ ഓൺലൈൻ പരീക്ഷാ സെന്ററിൽ ഉദ്യോഗാർഥികളുമായി എത്തിയവരുടെ വാഹനങ്ങളാണ് പ്രശ്നം സൃഷ്ടിച്ചത്. കുട്ടമശേരി മുതൽ എംആർഎസ് സ്കൂൾ വരെ റോഡരികിൽ തലങ്ങും വിലങ്ങും വാഹനങ്ങളായിരുന്നു.
നേരത്തെ ഇതുപോലെ ഗതാഗതക്കുരുക്ക് പതിവായപ്പോൾ നാട്ടുകാർ പരാതിപ്പെടുകയും പരീക്ഷാ കേന്ദ്രം അധികൃതർ 2 പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജീകരിക്കുകയും ചെയ്തു. ഇവിടെ പാർക്കിങ്ങിനു വേണ്ടത്ര സൗകര്യമുണ്ടെങ്കിലും വാഹന ഉടമകൾ അവിടേക്കു കയറാതെ റോഡരികിൽ പാർക്ക് ചെയ്യുന്നതാണ് കുരുക്കിനു കാരണം.
ഒരേസമയം 2 ദിശയിലേക്കും വാഹനങ്ങൾക്കു സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വീതിയുണ്ട് റോഡിന്. പക്ഷേ, വശങ്ങളിൽ വാഹനങ്ങൾ കിടന്നാൽ തടസ്സമാകും. പരീക്ഷാ കേന്ദ്രം അധികൃതർ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും അവരുടെ നിർദേശം പലരും പാലിക്കാറില്ല. വീടുകളുടെ ഗേറ്റിനു മുന്നിൽ പോലും വാഹനങ്ങൾ ഇട്ടിട്ടു പോകുന്ന സ്ഥിതിയാണ്. ആലുവ–പെരുമ്പാവൂർ ദേശസാൽകൃത റോഡിലൂടെ വരുന്ന ആംബുലൻസുകൾ രാജഗിരി ആശുപത്രിയിലേക്കു പോകുന്ന റോഡ് കൂടിയാണിത്. ഇവിടെ സ്ഥിരമായി ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.