ADVERTISEMENT

കൊച്ചി ∙ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആഗോളതാപനം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നവജാത ശിശുക്കളുടെ അടക്കം ആരോഗ്യത്തെ വലിയതോതിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും ശിശുരോഗ ചികിത്സാ വിദഗ്ധർ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐഎപി) ദേശീയ സമ്മേളനം ‘പെഡികോണി’ലാണു മുന്നറിയിപ്പു നൽകിയത്. 

ഫാസ്റ്റ് ഫുഡ് സംസ്‌കാരം കുട്ടികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം ശിശുരോഗ ചികിത്സാ വിദഗ്ധരാണു സമ്മേളനത്തിൽ പങ്കെടുത്തത്. സമാപന സമ്മേളനം ഐഎപി ദേശീയ പ്രസിഡന്റ് ഡോ. ജി.വി.ബസവരാജ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത് അധ്യക്ഷനായി. ഡോ.വസന്ത് എം.ഖലേത്കർ, ഡോ, അതനു ബദ്ര, ഡോ. ഷിമ്മി പൗലോസ്, ഡോ. എം.എസ്.നൗഷാദ്, ഡോ. എം.നാരായണൻ, ഡോ. എം.ഐ.ജുനൈദ് റഹ്മാൻ, ഡോ. എം.വേണുഗോപാൽ, ഡോ. ഏബ്രഹാം കെ.പോൾ, ഡോ. ആർ.രമേഷ് കുമാർ, ഡോ. സജിത് ജോൺ, ഡോ. ഡി.ബാലചന്ദ് എന്നിവർ പ്രസംഗിച്ചു. 

ഉണർവായി സമ്മേളനം
സംസ്ഥാനത്തെ ടൂറിസം ഉൾപ്പെടെയുള്ള മേഖലകൾക്ക‌് ‘പെഡികോൺ’ നൽകിയതു സാമ്പത്തിക മുന്നേറ്റമെന്നു വിലയിരുത്തൽ. ഏഴായിരത്തിലധികം ഡോക്ടർമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുപതിനായിരത്തിലേറെ പേരാണു 4 ദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായത്. കൊച്ചി, ആലപ്പുഴ, കുമരകം, മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകൾക്കും ഹോട്ടലുകൾ, മാളുകൾ അടക്കമുള്ള കേന്ദ്രങ്ങൾക്കും കൊച്ചി മെട്രോ, വാട്ടർമെട്രോ, ഓട്ടോ–ടാക്സി മേഖലകൾക്കും സമ്മേളനം ഊർജമായി. 

പേപ്പർ രഹിത ഡിജിറ്റൽ സമ്മേളനമെന്ന പേരും പെഡികോൺ-2024 സ്വന്തമാക്കി. സമ്മേളന നടത്തിപ്പിനായി പ്രത്യേക ആപ് ഒരുക്കിയിരുന്നു. പ്യാരേലാൽ, അനന്തു എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ് കമ്പനിയാണ് ആപ്പിനു പിന്നിൽ. വിവിധ മേഖലകളിലായി ആയിരത്തോളം പേരുടെ പ്രയത്നമാണു സമ്മേളനത്തിന് ഉണ്ടായിരുന്നതെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത്, സെക്രട്ടറി ഡോ. എം.നാരായണൻ, ട്രഷറർ  ഡോ. എം.ഐ.ജുനൈദ് റഹ്മാൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com