വെള്ളക്കെട്ട്: ചിറ്റാറ്റുകരയിലെ നൂറിലധികം കുടുംബങ്ങളുടെ ദുരിതത്തിന് നവകേരള സദസ്സിലൂടെ പരിഹാരമാകുന്നു
Mail This Article
കൊച്ചി∙ ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടുമൂലം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുന്ന നൂറോളം കുടുംബങ്ങൾക്ക് പറവൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ നൽകിയ നിവേദനത്തിലൂടെ പരിഹാരമാകുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂണൂൽപ്പാടം റോഡിൽ താമസിക്കുന്ന 120 കുടുംബങ്ങൾക്കാണ് സർക്കാർ ഇടപെടൽ ആശ്വാസമേകുന്നത്. തച്ചംപിള്ളി പുഴയിൽ ചെന്നവസാനിക്കുന്ന റോഡാണിത്. ഈ റോഡിന് സമീപത്തുള്ള പല്ലംതുരുത്ത് - പറയകാട്, തച്ചപ്പിള്ളി - വേലൻകടവ് റോഡുകൾ ഉയരം കൂട്ടി നിർമിച്ചതോടെയാണ് പൂണൂൽപ്പാടം റോഡിൽ താമസിക്കുന്നവരുടെ ദുരിതം തുടങ്ങിയത്.
വാർഡുതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ 76 കുടുംബങ്ങൾ ഒപ്പിട്ട നിവേദനമാണ് പറവൂരിലെ നവകേരള സദസ്സിന്റെ കൗണ്ടറിലെത്തി കൈമാറിയത്. ബന്ധപ്പെട്ട വകുപ്പിന് നിവേദനം കൈമാറിയതായി 10 ദിവസത്തിനകം വിവരം കിട്ടി. കഴിഞ്ഞ ദിവസം ഇറിഗേഷൻ വകുപ്പ് ആലുവ സബ് ഡിവിഷനു കീഴിലെ പറവൂർ സെക്‌ഷൻ ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിച്ചു. പൂണൂൽപ്പാടം റോഡ് തുടങ്ങുന്നിടത്ത് നിന്ന് 200 മീറ്റർ പിന്നിടുമ്പോഴുള്ള തോട്ടിലേക്ക് റോഡിനടിയിലൂടെ കാന നിർമിച്ചാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. കാന നിർമിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും.