ADVERTISEMENT

കൊച്ചി ∙ ബണ്ട് റോഡിന് കുറച്ചുനാളേയ്ക്കു വിശ്രമം. എല്ലാം ഒത്തുവന്നാൽ 20 മാസത്തിനു ശേഷം കാണാം. പുതിയ പാലം വരുമ്പോഴും ബണ്ട് റോഡ് അങ്ങനെ തന്നെ കിടക്കുമോ ? റോഡിന്റെ അറ്റത്തുള്ള കുപ്പിക്കഴുത്തു മാറ്റി റോഡ് ദേശീയപാതയിലേക്കു മുട്ടിക്കുമോ ? വൈറ്റിലയിൽ നിന്നു എസ്എ റോഡ് ഒഴിവാക്കി സൗത്ത്, എംജി റോഡ് എന്നിവിടങ്ങളിലേക്കു പോകാൻ ആളുകൾ ഉപയോഗിച്ചിരുന്ന റോഡ് ചിലവന്നൂർ ബണ്ട് പാലം പുനർനിർമിക്കാൻ ഇന്നുമുതൽ അടയ്ക്കുന്നു. 20 മാസംകൊണ്ടു പാലം പൂർത്തിയാക്കുമെന്നാണു കെഎംആർഎൽ അറിയിച്ചിട്ടുള്ളത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു നിർമാണ കരാർ.

പുതിയ പാലത്തിന്റെ നീളം 180 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തും പാർക്ക്, വോക്‌വേ, ഇരിപ്പിടങ്ങൾ എന്നിവയൊക്കെയുണ്ടാവും. നിലവിലുള്ള പാലത്തിനു വലിയ കുഴപ്പമുണ്ടായിട്ടല്ല പുതിയ പാലം പണിയുന്നത്. ഉയരം കൂട്ടി, കായലിലൂടെ ജലഗതാഗതം സാധ്യമാക്കാൻ വേണ്ടിയാണിത്. ഇതുവഴി എളംകുളം മെട്രോ സ്റ്റേഷൻ ഭാഗത്തേക്കു വാട്ടർ മെട്രോ സർവീസ് നടത്താം. എന്നാൽ പുതിയ പാലം വരുന്ന ബണ്ട് റോഡിന്റെ കാര്യം പതിറ്റാണ്ടുകളായിട്ടും അതേപടി കിടക്കുന്നു. തൈക്കൂടം ഭാഗത്ത് 150 മീറ്റർ സ്ഥലം കൂടി ഏറ്റെടുത്താൽ ബണ്ട് റോഡ് തൈക്കൂടത്ത് ദേശീയപാതയിൽ മുട്ടിക്കാം.

ഒരു ആരാധനാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും ഏതാനും വ്യക്തികളുടെ സ്ഥലവുമാണു ഏറ്റെടുക്കേണ്ടത്. ജിസിഡിഎയ്ക്കു പണം നൽകി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി വേണം. പകരം സ്ഥലം കൊടുത്ത് റോഡ് വികസനത്തിനു സ്ഥലം എടുക്കുന്ന കാര്യമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നു ജിസിഡിഎ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ജിസിഡിഎ ബജറ്റിലും ബണ്ട് റോഡ് വികസനം പ്രധാന പദ്ധതിയായി ഉൾപ്പെടുത്തുമെന്നും ജിസിഡിഎ വ്യക്തമാക്കി. എല്ലാം നന്നായി പര്യവസാനിച്ചാൽ, 20 മാസം കഴിയുമ്പോൾ പൂർത്തിയായ ബണ്ട് റോഡും പുതിയ പാലവും പാർക്കും. ചിലവന്നൂർ കായലിൽ കാനോയിങ്ങും കയാക്കിങ്ങും വാട്ടർ സ്പോർട്സും. കുമ്പളം, തേവര ഭാഗത്തേക്കു വാട്ടർ മെട്രോ സർവീസ്. എല്ലാം ചേർന്ന് ബണ്ട് റോഡ് സൂപ്പറാകും.

ഗതാഗത  നിയന്ത്രണം
പാലം പൂർത്തിയാകും വരെ തൈക്കൂടം ഭാഗത്തുനിന്നുള്ള വാഹനങ്ങളും ചിലവന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങളും എസ്എ റോഡ് വഴി പോകണം. ഇരുചക്ര വാഹനങ്ങൾക്കു കുറച്ചുനാൾ കൂടി ഇതുവഴി സഞ്ചരിക്കാം. പാലത്തിന്റെ പൈലിങ് പൂർത്തിയാക്കി പാലം പൊളിച്ചാൽ അതും നിലയ്ക്കും.

‌ബണ്ട് റോഡ്:  കോർപറേഷൻ  കൗൺസിലി‍ൽ  വിശദീകരിക്കും
കൊച്ചി ∙ ചിലവന്നൂർ ബണ്ട് റോഡ് പാലം പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) കൗൺസിലർമാരെ ഉൾപ്പെടുത്തി യോഗം ചേർന്നു. എന്നാൽ പദ്ധതി പ്രദേശത്തെ കൗൺസിലർമാരായ സോണി ജോസഫ്, സുജ ലോനപ്പൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.കോർപറേഷൻ നഗരാസൂത്രണ സ്ഥിരസമിതി ചെയർമാൻ ജെ. സനിൽമോൻ, കൗൺസിലർമാരായ ആന്റണി പൈനുതറ, പി.എസ്. വിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പദ്ധതിയെക്കുറിച്ചു കോർപറേഷൻ കൗൺസിലി‍ൽ വിശദമായ അവതരണം നടത്തുമെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു.  പ്രദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആന്റണി പൈനുതറ ആവശ്യപ്പെട്ടു. കലൂരിൽ നിന്നു ചിലവന്നൂർ കായൽ കടന്നു പോകുന്ന റെയിൽനഗർ തോടിനു മുകളിലുള്ള ചെട്ടിച്ചിറ പാലം നവീകരണത്തിനു പദ്ധതിയിൽ പണം കണ്ടെത്തണമെന്നും കൗൺസിലർ പറഞ്ഞു.

യോഗം വിളിക്കുന്നതിനു മുൻപു തന്നെ പാലം നിർമാണവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാൻ കെഎംആർഎൽ തീരുമാനിച്ച സാഹചര്യത്തിലാണു  യോഗത്തിൽ നിന്നു വിട്ടുനിന്നതെന്നു കൗൺസിലർ സോണി ജോസഫ് പറഞ്ഞു. പ്രദേശത്തെ താമസക്കാരെ ഉൾപ്പെടുത്തിയാണു യോഗം ചേരേണ്ടതെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com