ADVERTISEMENT

ആലുവ∙ കിൻഫ്ര വ്യവസായ ശുദ്ധജല പദ്ധതിക്കു വേണ്ടി പൊലീസ് സംരക്ഷണത്തിൽ പൈപ്പിടാനുള്ള ശ്രമം കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറത്ത് എംപിയുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ജനങ്ങൾ വീണ്ടും തടഞ്ഞു. തുടർന്നു കലക്ടറുടെ നിർദേശപ്രകാരം പൈപ്പിടൽ താൽക്കാലികമായി നിർത്തിവച്ചു. പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി മൂടി. കണ്ടാലറിയാവുന്ന 60 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. 2022ൽ എതിർപ്പു മൂലം നിർത്തിവച്ച പണി കഴിഞ്ഞ 19നു പുനരാരംഭിച്ചപ്പോൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. അന്നു സംഘർഷത്തിൽ കിൻഫ്രയിലെ 2 ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. തുടർന്നാണ് വൻ പൊലീസ് സന്നാഹവുമായി കിൻഫ്ര സംഘം ഇന്നലെ വീണ്ടും പൈപ്പിടാൻ എത്തിയത്. ഡിവൈഎസ്പിമാരായ എ. പ്രസാദ്, ജിൽസൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരുടെ അകമ്പടിയോടെ 9ന് എത്തിയ കിൻഫ്ര സംഘം അര മണിക്കൂറിനുള്ളിൽ മണ്ണുമാന്തി ഉപയോഗിച്ചു റോഡ് കുഴിക്കാൻ തുടങ്ങി. 

കിൻഫ്ര വ്യവസായ ശുദ്ധജല പദ്ധതിക്കു വേണ്ടി റോഡ് കുഴിച്ചു പൈപ്പിടാനുള്ള നീക്കം എംഎൽഎമാരായ അൻവർ സാദത്ത്, ഉമ തോമസ് എന്നിവരുടെ നേതൃത്വത്തിൽ തടയുന്നു.
കിൻഫ്ര വ്യവസായ ശുദ്ധജല പദ്ധതിക്കു വേണ്ടി റോഡ് കുഴിച്ചു പൈപ്പിടാനുള്ള നീക്കം എംഎൽഎമാരായ അൻവർ സാദത്ത്, ഉമ തോമസ് എന്നിവരുടെ നേതൃത്വത്തിൽ തടയുന്നു.

നേരത്തെ പൈപ്പിട്ടു നിർത്തിയ സ്ഥലത്തു നിന്ന് 15 മീറ്ററോളം ആറടി താഴ്ചയിൽ കഴിച്ചു. 11.15 ആയപ്പോഴേക്കും എംഎൽഎമാരായ അൻവർ സാദത്ത്, ഉമ തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ  പ്രകടനമായെത്തി. പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. തുടർന്ന് എംഎൽഎമാരെയും മുഹമ്മദ് ഷിയാസിനെയും മാത്രം പൈപ്പിടുന്ന സ്ഥലത്തേക്കു വിടാൻ സമരക്കാരും പൊലീസും ധാരണയായി. അവിടെ എത്തിയ എംഎൽഎമാർ കുഴിയിലിറങ്ങി കുത്തിയിരുന്നു പ്രതിഷേധിച്ചു. താമസിയാതെ ഹൈബി ഈഡൻ എംപിയും ടി.ജെ. വിനോദ് എംഎൽഎയും സ്ഥലത്തെത്തി.

ernakulam-hybi-eden

സമരക്കാരിൽ 2 പേർ ഇതിനിടെ റോഡിനടിയിൽ നേരത്തെ സ്ഥാപിച്ചിരുന്ന കൂറ്റൻ പൈപ്പിനുള്ളിൽ കയറിയിരുന്നു. മണ്ണുമാന്തി യന്ത്രവുമായി കിൻഫ്ര ഉദ്യോഗസ്ഥർ തിരിച്ചു പോകണമെന്നായിരുന്നു ആവശ്യം. രണ്ടുപേരെയും പുറത്തിറക്കി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഒന്നരയോടെ കലക്ടറുടെ നിർദേശപ്രകാരം പൈപ്പിടൽ നിർത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ്, ഡിസിസി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.ബി. സുനീർ, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.കെ.എ. ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

ബാക്കിയുണ്ടെങ്കിൽ മാത്രം കിൻഫ്രയ്ക്ക് വെള്ളം 
ആലുവ∙ ജില്ലയിലെ ജനങ്ങൾക്കു കുടിക്കാനുള്ള ശുദ്ധജലം ഉറപ്പു വരുത്തിയ ശേഷം മാത്രമേ പെരിയാറിൽ നിന്നു വെള്ളമെടുക്കാൻ കിൻഫ്രയെ അനുവദിക്കൂ എന്നു ജനപ്രതിനിധികൾ. ‘‘190 എംഎൽഡി ശേഷിയുള്ള നിർദിഷ്ട ജല ശുദ്ധീകരണ ശാല ആലുവയിൽ പ്രാവർത്തികമാക്കുന്നതിനു മുൻപു കിൻഫ്രയുടെ 45 എംഎൽഡി പ്ലാന്റിനു വെള്ളം നൽകാൻ സർക്കാർ കാട്ടുന്ന ശുഷ്കാന്തി സംശയകരമാണ്. 190 എംഎൽഡി പ്ലാന്റ് എന്നു തുടങ്ങുമെന്നു സർക്കാർ വ്യക്തമാക്കണം. 

പ്ലാന്റിന്റെ ആവശ്യം കഴിഞ്ഞും പെരിയാറിൽ വെള്ളം ബാക്കിയുണ്ടെങ്കിൽ കിൻഫ്രയ്ക്കു കൊടുക്കുന്ന കാര്യം ആലോചിക്കാം’. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ് എന്നിവർ പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിനു മുൻഗണന നൽകാതെ വ്യവസായികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന മന്ത്രി പി. രാജീവിന്റെയും സിപിഎം ജില്ലാ കമ്മിറ്റിയുടെയും ഇരട്ടത്താപ്പ് തുറന്നു കാണിക്കുമെന്നും രാജീവിന്റെ ഓഫിസിലേക്കു ജനകീയ മാർച്ച് നടത്തുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com