യാത്രയയപ്പ് തപാൽ സ്റ്റാമ്പിലൂടെ; വേറിട്ട രീതിയിൽ ആദരമൊരുക്കി സഹപ്രവർത്തകർ
Mail This Article
വൈപ്പിൻ∙ ദീർഘകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന ജീവനക്കാർക്ക് വേറിട്ട രീതിയിൽ ആദരമൊരുക്കി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ സഹപ്രവർത്തകർ. വിരമിക്കുന്നവരുടെ ചിത്രങ്ങൾ തപാൽ വകുപ്പിന്റെ സഹായത്തോടെ സ്റ്റാംപ് രൂപത്തിൽ തയാറാക്കിയാണ് യാത്രയയപ്പ് വ്യത്യസ്തമാക്കിയത്. സീനിയർ ക്ലാർക്ക് എം.സി.നന്ദകുമാർ, ഹിന്ദി അധ്യാപിക ടി.രത്നം എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങിലേക്ക് മുൻ അധ്യാപകർ അടക്കമുള്ള അതിഥികളെ ക്ഷണിക്കാനായി തപാൽ മാർഗം അയച്ച കത്തുകളിൽ ഈ സ്റ്റാംപുകളാണ് പതിച്ചത്. ക്ഷണക്കത്ത് കിട്ടിയവർക്ക് വിരമിക്കുന്നവരുടെ ചിത്രങ്ങൾ സ്റ്റാംപുകളിൽ കണ്ടത് കൗതുകമായെന്ന് മുൻ പ്രധാനാധ്യാപിക എ.കെ.ശ്രീകല പറഞ്ഞു.
മൈ സ്റ്റാംപ് എന്ന പദ്ധതി പ്രകാരമാണ് തപാൽ വകുപ്പ് ഇത്തരത്തിൽ സ്റ്റാംപുകൾ തയാറാക്കി നൽകുന്നത്. 5 രൂപയുടെ 12 സ്റ്റാംപുകൾ തയാറാക്കാൻ 300 രൂപയാണ് തപാൽ വകുപ്പ് ഈടാക്കുന്നത്. 5 രൂപ മൂല്യമുള്ള സ്റ്റാംപിന്റെ ഇടതു വശത്തായി ആവശ്യക്കാർക്ക് ഇഷ്ടമുള്ള ചിത്രം ചേർക്കാനാണ് തപാൽ വകുപ്പ് സൗകര്യമൊരുക്കുന്നത്. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ റവന്യു ജില്ലാ പ്രസിഡന്റ് കൂടിയായ എം.സി.നന്ദകുമാർ ഒരു ജീവനക്കാരന് ലഭിക്കാവുന്ന പരമാവധി സേവന കാലയളവായ 38 വർഷത്തിനു ശേഷമാണ് വിരമിക്കുന്നത്. ഈ കാലയളവിൽ അവധിയെടുത്തതും ചുരുക്കം ദിവസങ്ങളിൽ മാത്രം. യുപി അധ്യാപികയായ ടി.രത്നം പടിയിറങ്ങുന്നത് 28 വർഷത്തെ സേവനത്തിനു ശേഷമാണ്.