ADVERTISEMENT

വരാപ്പുഴ ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൂനമ്മാവ് വിഭജിച്ചു കടന്നു പോകുന്ന ഉയരത്തിലുള്ള പാത ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുമെന്ന് പരാതി. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ഇരുപത്തിനാല് കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ഇരുഭാഗത്തുമുള്ള വിവിധ ഗ്രാമീണ റോഡുകൾ അടച്ചതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡിന്റെ മറുവശത്തേക്കു കടക്കണമെങ്കിൽ കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പാത നിർമാണത്തിന്റെ സാമൂഹ‌ിക ആഘാത പഠന സമയത്ത് ഇത്തരം കാര്യങ്ങൾ ജനങ്ങളിൽ നിന്നു ഒളിച്ചതിനെതിരെയാണ് പ്രതിഷേധം ഉയർന്നിട്ടുള്ളത്. ഏറെ തിരക്കേറിയ കൂനമ്മാവ് ചിത്തിര കവലയിലാണ് കൂടുതൽ യാത്ര ബുദ്ധിമുട്ട് നേരിടുന്നത്. അത്യാസന്ന നിലയിലുള്ള രോഗിയെ മറുവശത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ പോലും ഏറെ പ്രയാസകരമാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.

പത്ത് അടി മുതൽ പതിനാറ് അടിയോളം ഉയരത്തിലാണ് ഇതിലൂടെ പാത കടന്നു പോകുന്നത്. അതേസമയം തിരക്ക് കുറഞ്ഞ മേഖലയിലൂടെ റോഡ് വളരെ താഴ്ന്നാണു പോകുന്നത്. കൂനമ്മാവ് കവലയുടെ ചുറ്റുമായി മൂന്നു ഹയർ സെക്കൻഡറി സ്കൂളുകളും ഒരു സ്പെഷൽ സ്കൂൾ, ഒരു ഐടിഐ, പ്രൈവറ്റ് കോളജ് എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏഴായിരത്തോളം വിദ്യാർഥികളാണു ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ വരുന്നത്. റോഡിനു ഇരുവശത്തു നിന്നും എത്തുന്ന വിദ്യാർഥികൾക്കു എതിർവശത്തു പോകാൻ കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.കൂനമ്മാവിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ വരുന്ന രോഗികളും വലയും.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർഥാടന കേന്ദ്രത്തിൽ വരുന്ന ആയിരക്കണക്കിനു തീർഥാടകർക്കും അനുദിന കർമങ്ങളിൽ പങ്കെടുക്കാൻ ഏറെ ബുദ്ധിമുട്ടുകൾ നേരിടുമെന്നും പരാതിയുണ്ട്.ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ ദൂരത്തിൽ മേൽപാലം മാതൃകയിലാണു റോഡ് വിഭാവനം ചെയ്തത്. എന്നാൽ പിന്നീട് മാറ്റങ്ങൾ വരുത്തി പാത നിലവിലുള്ള റോഡിൽ നിന്നും പതിനാറ് അടി വരെ ഉയർത്തിയാണ് നിർമിക്കുന്നത്. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ, എംപി എന്നിവർ ഇവിടെ സന്ദർശനം നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിലാണ് തേവർകാട് തിരുഹൃദയ പള്ളി, മാലോത്ത് ജപമാല രാജ്ഞി പള്ളി, തൂശം പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ഇവിടേക്കു മൃതദേഹങ്ങൾ എത്തിക്കാൻ കൃത്യമായ വഴിയില്ലാതായതോടെ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ഉയർന്നിരിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളും ദേശീയപാത അധികൃതരും നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ സമരങ്ങളിലേക്കു നീങ്ങാനും ജനകീയ സമിതി യോഗം തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com