മുനമ്പം–അഴീക്കോട് പാലം അടുത്തവർഷം; 16 തൂണുകളുടെ പൈലിങ് പൂർത്തിയായി
Mail This Article
വൈപ്പിൻ∙ മുനമ്പം- അഴീക്കോട് പാലം അടുത്തവർഷം ഗതാഗത സജ്ജമായേക്കും. പൈലിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 16 തൂണുകളുടെ പൈലിങ് പൂർത്തിയായി. അടുത്ത ഘട്ടത്തിൽ മുനമ്പം ഭാഗത്ത് കരയിലെ പൈലിങ് ആരംഭിക്കും. ഇതിനായി മുനമ്പത്തെ ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ മുൻ നിശ്ചയപ്രകാരം തന്നെ ജോലികൾ മുന്നോട്ടു നീക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പാലം യാഥാർഥ്യമാവുന്നതോടെ വൈപ്പിനിൽ നിന്ന് വടക്കൻ ജില്ലകളിലേക്ക് കൂടുതൽ സുഗമമായ പാത തുറന്നു കിട്ടും. മത്സ്യബന്ധന മേഖലയ്ക്കും ടൂറിസം മേഖലയ്ക്കുമെല്ലാം പാലത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം പാലം തുറക്കുന്നതോടെ ഉണ്ടാകാനിടയുള്ള ഗതാഗത വർധന ഉൾക്കൊള്ളാൻ നിലവിലുള്ള സംസ്ഥാനപാതയ്ക്ക് കഴിയില്ലെന്നുള്ള കാര്യവും ഉറപ്പായിട്ടുണ്ട്. കൊച്ചി നഗരത്തിൽ നിന്നും തെക്കൻ ജില്ലകളിൽ നിന്നും ഉള്ളവർ വടക്കോട്ടും വടക്കു ഭാഗത്തുള്ളവർ തെക്കോട്ടും ഈ പാത ഉപയോഗിച്ചു തുടങ്ങിയാൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരിക്കും ഫലം.
കൂടാതെ പള്ളിപ്പുറം മേഖലയിൽ കലുങ്ക് രൂപത്തിലുള്ള 2 പാലങ്ങളും വാഹനങ്ങൾക്ക് കുപ്പിക്കഴുത്തായി മാറും. ബലക്ഷയവും നേരിടുന്ന ഇവ അടിയന്തരമായി പുനർ നിർമിക്കേണ്ടതുണ്ട്. ഇതിനൊപ്പം ബദൽ റോഡും സജ്ജമാക്കിയാൽ മാത്രമേ പാലത്തിന്റെ പ്രയോജനം നാട്ടുകാർക്കും പുറമേ നിന്നുള്ളവർക്കും ലഭിക്കുകയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.