വിഷുവെത്തി, വിപണി ഒരുങ്ങി; പടക്ക, പച്ചക്കറി വ്യാപാരമേഖല സജീവം
Mail This Article
കൊച്ചി∙ പൊന്നണിഞ്ഞു മേടം പടിവാതിൽക്കലെത്തി. ഇനി രണ്ടുനാൾ ഇരുണ്ടുവെളുത്താൽ മലയാളപ്പുതുവർഷപ്പുലരി. വിഷുവിനെ വരവേൽക്കാൻ നാടും നഗരവുമൊരുങ്ങി. പുതുമയുടെ കാലമാണു വിഷുവിപണികളിലും.
പടക്കവിപണി
സജീവമാണ് ഇത്തവണ വിഷുക്കാല പടക്കവിപണി. വൈവിധ്യവും വിസ്മയവുമൊരുക്കി പുതിയ ഉൽപന്നങ്ങൾ വിപണിയിലുണ്ട്. അഞ്ചു വശങ്ങളിലൂടെ പലതരത്തിൽ കത്തി മയിൽപ്പീലിക്കാഴ്ചയൊരുക്കുന്ന ‘പീക്കൊക്ക്’ വിപണിയിലെ പുതിയ താരമാണെന്നു പറയുന്നു എറണാകുളം മാർക്കറ്റ് ജംക്‌ഷനിലെ പിവിജെ ട്രേഡേഴ്സ് ഉടമ പി.വി.ജോസ്. വിഷുവിനു ചേർന്ന സ്വർണമഞ്ഞനിറത്തിൽ കത്തുന്ന പൂക്കൾ, തീയിൽ തൊട്ടാലും പൊള്ളാത്ത വാട്ടർ കൂൾ, വർണം പടർത്തി ചിത്രശലഭം പറന്നുയരുന്ന തരത്തിൽ നിന്നുകത്തുന്ന ബട്ടർഫ്ലൈ, 50 സെന്റിമീറ്റർ വരെ നീളമുള്ള പലനിറത്തിൽ കത്തുന്ന കമ്പിത്തിരികൾ, വർണവൈവിധ്യങ്ങളുടെ മേശപ്പൂക്കൾ, മാജിക് പെൻസിൽ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ വിപണി പിടിച്ചടക്കിക്കഴിഞ്ഞു.
മുൻവർഷങ്ങളെപ്പോലെ സാമ്പത്തികമാന്ദ്യം ജനങ്ങളിൽ ഇത്തവണ ഇല്ലെന്നാണു പതിറ്റാണ്ടുകളായി പടക്കവിപണിയിലുള്ള ജോസിന്റെ തോന്നൽ. പടക്കവിലയിൽ കാര്യമായ മാറ്റം ഇത്തവണയില്ല. 5 സൈഡ് പീക്കൊക്കിനു 400 രൂപയും 4 സൈഡ് പീക്കൊക്കിന് 250 രൂപയുമാണു വില. കടും മഞ്ഞ നിറത്തിൽ കത്തുന്ന പൂക്കൾക്ക് 125 രൂപയും സ്വർണനിറത്തിന് 150 രൂപയുമാണു നൽകേണ്ടത്. വാട്ടർകൂൾ–180, പത്തെണ്ണമുള്ള ബട്ടർഫ്ലൈ പായ്ക്കറ്റിന് 150 , 30 ഷോട്ട് മേശപ്പൂ–450, കളർഷോട്ട് –600 എന്നിങ്ങനെയാണു വില.
പച്ചക്കറി വിപണി
വിഷുച്ചന്തയിൽ പച്ചക്കറികൾക്ക് ഇന്നലത്തെ നിലവാരമനുസരിച്ചു വില കയറിത്തുടങ്ങിയിട്ടില്ല. വിഷുസദ്യയുമായി കാര്യമായ ബന്ധമില്ലാത്ത ബീൻസും (കിലോഗ്രാമിന് 120), കുക്കുംബറുമാണു (65 രൂപ) വിലയിൽ മുന്നിൽ. സ്വർണനിറമുള്ള കണിവെള്ളരികൾ യഥേഷ്ടം വിപണിയിലെത്തിത്തുടങ്ങി. കണിവെള്ളരിക്കു മൊത്തവില കിലോയ്ക്കു 30 രൂപയും ചില്ലറ വില 40 രൂപയുമാണെന്ന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.കെ.അഷ്റഫ് പറഞ്ഞു.
തമിഴ്നാട്ടിൽനിന്നുള്ള പച്ചയും മഞ്ഞയും കലർന്ന വെള്ളരി 25 രൂപയ്ക്കു ലഭിക്കും. സദ്യവട്ടങ്ങളിലേക്കു വേണ്ട പച്ചക്കറികൾക്ക് എറണാകുളം മാർക്കറ്റിലെ ഇന്നലത്തെ വില ഇങ്ങനെ: മുരിങ്ങയ്ക്ക–40, വെണ്ടയ്ക്ക–60, തക്കാളി–40, കാബേജ്–40, അമര–40, സവോള–30, ചെറിയ ഉള്ളി–50, വഴുതന (വെള്ള)–50, വഴുതന (ഉണ്ട)–40, ഉരുളക്കിഴങ്ങ്–40.
വിഷുസദ്യ
എറണാകുളം കരയോഗത്തിൽ വിഷുസദ്യ ഭക്ഷണക്കിറ്റിനും പ്രഥമനുമുള്ള ബുക്കിങ് ഇന്നുകൂടി തുടരും. ടിഡിഎം ഹാളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ ബുക്ക് ചെയ്യാം. 0484–2361160.