ADVERTISEMENT

ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കനാലിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.  ഏപ്രിൽ 17 മുതൽ പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി പൈലുകളുടെ ലോഡ് ടെസ്റ്റിംഗ് നടപടികൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. 17 മുതൽ രണ്ടാഴ്ച്ച കാലയളവിൽ ഇരുചക്രവാഹനങ്ങൾക്കും ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവ്വീസുകൾക്കും മാത്രമാണ് പാലത്തിലൂടെ പ്രവേശനം അനുവദിക്കുക. 

ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങൾ കെ.പി.വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശം.

തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ജനതാ റോഡ് അല്ലെങ്കിൽ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമ്മാണ  പ്രവർത്തനങ്ങൾ തീരുന്നത് വരെ ഈ മേഖലയിൽ മേൽപ്പറഞ്ഞ രീതിയിൽ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്. 

പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സമീപവാസികളുടെ ആശങ്ക പരിഹരിക്കുവാൻ ബഹുമാനപ്പെട്ട മേയർ അഡ്വക്കേറ്റ് ശ്രീ.എം.അനിൽകുമാർ, ശ്രീ. ഹൈബി ഈഡൻ എം.പി, ശ്രീമതി ഉമാ തോമസ് എംഎൽഎ മറ്റ് ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കെഎംആർഎൽ അവലോകന യോഗം നടത്തിയിരുന്നു.

ഗതാഗത നിയന്ത്രണത്തിലുൾപ്പെടെ സമീപവാസികളുടെ ആശങ്ക പരിഹരിക്കുവാൻ ഇതുവഴി സാധിക്കുകയും തുടർന്ന് മാർച്ച് ഏഴിന് നിർമ്മാണജോലികൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് നിർമ്മാണത്തിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഒത്തുകൂടാനും കായൽ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൌകര്യങ്ങൾ ഉൾപ്പെടുത്തിയാകും 180 മീറ്റർ നീളത്തിൽ ഒരുങ്ങന്ന പുതിയ പാലത്തിന്റെ നിർമ്മാണം. ചിലവന്നൂർ കനാലിന്റെ ഇരു ഭാഗങ്ങളിലുമുള്ള നടപ്പാത മുഖ്യ ആകർഷണമാകും.

തണൽ മരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്കുകളും സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. 

കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന പദ്ധതിയുടെ ഭാഗമായി ഈ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തുകയും കായലിലെ പോളകൾ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ പാലം വരുന്നതോടെ കുമ്പളം, തേവര ഭാഗങ്ങളിൽ നിന്ന് വരുന്ന വാട്ടർ മെട്രോ സർവ്വീസുകളെ എളംകുളം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ സാധിക്കും.

ബണ്ട് റോഡ് മുതൽ എളംകുളം മെട്രോ സ്റ്റേഷൻ വരെയുള്ള പുറമ്പോക്ക് ഭൂമിയുടെ അതിർത്തി ജില്ലാ ഭരണകൂടം നിർണ്ണയിച്ച് തരുന്നമുറയ്ക്ക് കെഎംആർഎൽ ഈ മേഖലയിലെ ഡിപിആർ പൂർത്തീകരിക്കും.  

 ജലഗതാഗത രംഗത്തെ ടൂറിസം സാധ്യതകൾ കൂടി മുന്നിൽക്കണ്ടുള്ള വികസനമാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.  തണ്ണീർമുക്കം ബണ്ട് മുതൽ മരട് വഴി എളംകുളം ഭാഗത്തേക്ക് ടൂറിസ്റ്റ് ബോട്ടുകൾക്ക് സർവ്വീസ് നടത്താനുള്ള സാഹചര്യമൊരുങ്ങും.

പെഡൽ ബോട്ടിംഗ്, കയാകിംഗ് ഉൾപ്പെടെയുള്ള വാട്ടർ സ്പോർസ് സാധ്യതകളും ഈ മേഖലയിൽ ഒരുങ്ങും. ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന്റെ പുനർ നിർമ്മാണം 2025 ജൂണിൽ  പൂർത്തിയാക്കുവാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com