ADVERTISEMENT

കോതമംഗലത്തിനു സമീപം കിണറ്റിൽ വീണ കാട്ടാനയായിരുന്നു നാടിന്റെ ‘ആനക്കാര്യം’. ആശങ്കയും ആകാംക്ഷയും പ്രതിഷേധവും ആക്‌ഷനും നിറഞ്ഞ ഒരു പകലിന്റെ കഥ....

കോതമംഗലം∙ ആകാംക്ഷ, അഭ്യൂഹം, പ്രതിഷേധം, നിരോധനാജ്ഞ, റസ്ക്യൂ ആക്‌ഷൻ, ഒടുവിൽ ‘ദ് ഗ്രേറ്റ് എസ്കേപ്’. പ്ലാച്ചേരിക്കിന്നലെ ആനപ്പകൽ ! കോട്ടപ്പടി പ്ലാച്ചേരി തോടിനു സമീപം കിണറ്റിൽ വീണ കാട്ടാനയായിരുന്നു ഇന്നലെ നാടിന്റെ ‘ആനക്കാര്യം’. പൂലാഞ്ഞി കുഞ്ഞപ്പന്റെ പുരയിടത്തിലെ കിണറ്റിൽ വ്യാഴാഴ്ച രാത്രി 1.30ന് ആന വീണപ്പോൾ തന്നെ പ്ലാച്ചേരിയിൽ നേരം പുലർന്നു. വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിക്കൂടിയവർ കണ്ടതു കിണറിനു മീതെ കെട്ടിയിരുന്ന വല പൊട്ടിച്ച് ഉള്ളിൽ കിടക്കുന്ന കുട്ടിക്കൊമ്പനെ.

സമീപത്തു പരിഭ്രാന്തരായി ആനക്കൂട്ടവും. ടോർച്ചടിച്ചും ബഹളമുണ്ടാക്കിയും നാട്ടുകാർ മറ്റ് ആനകളെ തുരത്തി. കാട്ടാന വീണ വിവരം വൈകാതെ വനപാലകരെയും അറിയിച്ചു. അവർ 3.30ന് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, കിണറ്റിനടുത്തേക്കു വെളിച്ചവും ഉപകരണങ്ങളും വാഹനങ്ങളും എത്തിക്കാൻ വഴിയില്ലാത്തതിനാൽ ആദ്യ ശ്രമങ്ങൾ വിഫലമായി.

പ്രതിഷേധച്ചൂടിൽ ഒരു പകൽ
കാട്ടാന വീണതറിഞ്ഞെത്തിയ നാട്ടുകാർ രാവിലെ 4 മണിയോടെ കിണറിനു സമീപം തടിച്ചു കൂടി. ആനശല്യത്താൽ വലഞ്ഞിരുന്ന ജനം വൻ പ്രതിഷേധവും ആരംഭിച്ചു. സ്ഥിരമായി വന്യമൃഗങ്ങൾ നാശമുണ്ടാക്കുന്ന മേഖലയാണെന്നും ശാശ്വത പരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.

kothamangalam-elephant-rescue-operation-3

ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കു തുരത്തിയാൽ വീണ്ടും മടങ്ങിയെത്തി ശല്യമുണ്ടാക്കുമെന്നും മയക്കുവെടി വച്ചു പിടികൂടി ഉൾവനത്തിൽ വിടണമെന്നുമായിരുന്നു ആവശ്യം. നേരം പുലർന്നതോടെ ദൃശ്യമാധ്യമങ്ങളുൾപ്പെടെ പ്രദേശത്തു തമ്പടിച്ചു. പകൽച്ചൂടിനൊപ്പം പ്രതിഷേധച്ചൂടും കടുത്തതോടെ വനപാലകർ സമ്മർദത്തിലായി. കിണറിടിച്ച് ആനയെ രക്ഷപ്പെടുത്താനെത്തിച്ച മണ്ണുമാന്തിയന്ത്രം കിണറിനു സമീപത്തേക്കു കൊണ്ടു പോകാൻ അനുവദിക്കില്ലെന്നു നാട്ടുകാരും സ്ഥലം ഉടമയും നിലപാടെടുത്തതോടെ വനംവകുപ്പ് വിഷമവൃത്തത്തിലായി.

kothamangalam-elephant-rescue-operation-4

കിണറ്റിലും ആന ഉഷാർ
പുറത്തു പ്രതിഷേധം കനക്കുമ്പോൾ കിണറ്റിൽ ആനയും കട്ടക്കലിപ്പിലായിരുന്നു. വീട്ടുകാർ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന മൂന്നര മീറ്ററോളം ആഴവും 4 മീറ്റർ വീതിയും 6 മീറ്ററോളം നീളവുമായി ദീർഘചതുരാകൃതിയിലുള്ള, കുളത്തിന്റെ സ്വഭാവമുള്ള കിണറ്റിലേക്കാണ് ആന വീണത്. ആദ്യമൊന്നു പകച്ചെങ്കിലും രക്ഷപ്പെടുത്തും വരെ കുട്ടിക്കൊമ്പൻ വെറുതെയിരുന്നില്ല.

തനിയെ രക്ഷപ്പെടുമെന്ന വാശിയിൽ പുറത്തേക്കുള്ള വഴി സ്വയം നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു ആന. തുമ്പിക്കയ്യും കൊമ്പും നാലു കാലുകളും ആയുധമാക്കി കിണറിന്റെ ഒരു വശത്തായി ചാമക്കല്ലിൽ നിർമിച്ചിരുന്നതും മൂടിപ്പോയതുമായ പടിക്കെട്ടുകൾ ഇടിച്ചിട്ട് അതിലൂടെ പുറത്തെത്താനായിരുന്നു ആനയുടെ ശ്രമം. പിൻകാലുകൾ ഉപയോഗിച്ച് ആന കിണറിന്റെ വശം ഇടിച്ചു തുമ്പിക്കൈകൊണ്ടു തുരന്നു.  ചെങ്കല്ലിന്റെ ഉറപ്പു മൂലം ഇത് ഏറെ ദുഷ്കരമായിരുന്നു. ചാമക്കല്ല് ഉപയോഗിച്ചു നിർമിച്ച പടിക്കെട്ടുകൾ ഇടയ്ക്കു തകർന്നു തലയിൽ വീണു മസ്തകത്തിൽ പരുക്കേറ്റിട്ടും ആന പിൻമാറിയില്ല.

kothamangalam-elephant-rescue-operation-5

യോഗം, സമവായം
ഒടുവിൽ നാടിന്റെ പ്രതിഷേധം കനത്തതോടെ അധികൃതർ ഉണർന്നു. എംഎൽഎമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ ആർഡിഒ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ 11.30ന് സ്ഥിതിഗതികൾ വിലയിരുത്താനും സമവായമുണ്ടാക്കാനുമായി യോഗം ചേർന്നു. മയക്കുവെടി വച്ച് ആനയെ പിടികൂടാനും കിണറ്റിൽനിന്നുള്ള കുടിവെളളം ഉപയോഗിക്കുന്നവർക്കു ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാനും ഇടിഞ്ഞുപോയ കിണർ പൂർവ സ്ഥിതിയിലാക്കി നൽകാനുമായിരുന്നു തീരുമാനം.

അപകടമൊഴിവാക്കാൻ നിരോധനാജ്ഞ
കരയ്ക്കു കയറുന്ന ആന ഓടിയാലുള്ള അപകട, നാശനഷ്ട സാധ്യതകൾ കണക്കിലെടുത്ത് കോട്ടപ്പടി പഞ്ചായത്തിലെ 1 മുതൽ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. 24 മണിക്കൂർ സമയത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അപകടസാധ്യതയ്ക്കു പുറമെ നാട്ടുകാരുടെ പ്രതിഷേധത്തീ അൽപമൊന്നു കെടുത്താനും കൂടുതൽ ആളുകളെത്തി രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നതു തടയാനുമായിരുന്നു ശ്രമം. ഇത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. 

kothamangalam-elephant-rescue-operation-2

കിണറിനു സമീപത്തേക്കു കൂടുതൽ പേരെത്തുന്നതു തടയാനുള്ള നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സർക്കുലർ ഇറക്കി. ദുരന്തപ്രതികരണത്തിനു തടസ്സം നിന്നാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഓർമിപ്പിച്ചായിരുന്നു സർക്കുലർ. എന്നാൽ, പ്രതിഷേധത്തിന് ഇതുകൊണ്ടൊന്നും അറുതിയായില്ല.

പൊട്ടാതെ മയക്കുവെടി
മയക്കുവെടി വയ്ക്കാനുള്ള പ്രക്രിയ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നതിനാൽ കിണറ്റിൽ വച്ചു വെടിവയ്ക്കുന്നതു സുരക്ഷിതമല്ലാത്തതിനാലും വനംവകുപ്പും പൊലീസും തീരുമാനം മാറ്റിയതു പെട്ടെന്നാണ്. മയക്കുവെടി വച്ചാൽ ആനയെ കിണറ്റിൽ നിന്നു പുറത്തെത്തിക്കാൻ കുങ്കിയാനകളുടെ സഹായം വേണ്ടി വരുമെന്നതും കിണറിനു സമീപത്തേക്കു വഴിയുണ്ടാക്കി വാഹനം എത്തിച്ച് ആനയെ മാറ്റുന്നതു ദുഷ്കരമാണെന്നുള്ളതുമായിരുന്നു ‘മയക്കുവെടി പദ്ധതി’ അവസാനഘട്ടത്തിൽ ഉപേക്ഷിക്കാനുള്ള കാരണം. പൂർണ വളർച്ചയെത്താത്ത ആനയെ മയക്കുവെടി വച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 50% മാത്രമെന്ന വിദഗ്ധോപദേശവും വകുപ്പ് കണക്കിലെടുത്തു.

kothamangalam-elephant-rescue-operation-6
കിണറ്റിൽ വീണ ആനയെ പുറത്തെത്തിച്ച ശേഷം കാട്ടിലേക്കു തുരത്തുന്നു. ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് /മനോരമ

മഴമറയിൽ ആന പുറത്ത്
പകൽച്ചൂടിനും പ്രതിഷേധച്ചൂടിനും ഇടവേള നൽകി വൈകിട്ട് 5ന് തകർപ്പൻ വേനൽമഴ പെയ്തിറങ്ങി. നാട്ടുകാർ മാറിനിന്ന സമയം നോക്കി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിണറ്റിൽ നിന്നു വഴിയുണ്ടാക്കാനുള്ള ശ്രമവുമായി വനംവകുപ്പ് സജീവമായി. 5.09ന് മണ്ണുമാന്തി തെളിച്ച വഴിയിലൂടെ ആന പുറത്തേക്ക്. അപ്പോഴേക്കും ആന കിണറ്റിൽ വീണ ശേഷം 16 മണിക്കൂറോളം പിന്നിട്ടിരുന്നു.

ആന പുറത്തെത്തിയതിനു പിന്നാലെ മഴയും തോർന്നു. പടക്കം പൊട്ടിച്ച് ആനയെ വിരട്ടി കാട്ടിലേക്ക് ഓടിക്കുന്ന ദൗത്യമായിരുന്നു പിന്നീട്. മൂന്നു കിലോമീറ്റർ അകലെ വനാതിർത്തിയിലേക്ക് ആനയെ ഓടിച്ചെത്തിച്ചതോടെ വനപാലകർക്കു സമാധാനമായി. എന്നാൽ, മയക്കുവെടി വച്ച് ഉൾക്കാട്ടിലേക്കു വിടണമെന്ന ആവശ്യം അട്ടിമറിച്ചെന്നാരോപിച്ചു നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. കാട്ടാന ഇപ്പോഴും ജനവാസ മേഖലയ്ക്കു സമീപം ഉണ്ടെന്നും ഏതു സമയവും വീണ്ടും എത്താമെന്നുമുള്ള ഭീതിയിലായിരുന്നു അവർ.

English Summary:

Kothamangalam: Wild elephant rescued after 16-hour-long mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com